കൊച്ചി: സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന നിർമാതാക്കളുടെ തീരുമാനത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. വെയിൽ എന്ന സിനിമയുമായി താൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും എത്ര കഷ്ടപ്പെട്ടാലും പഴികൾ മാത്രമാണ് തനിക്ക് ലഭിക്കുന്നതെന്നും ഷെയ്ൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഷെയ്നിന്റെ ഫേസ്ബുക്ക് കുറിപ്പ്:
എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷം ഉണ്ടായ പ്രശ്ന പരിഹാരങ്ങളും നിങ്ങൾക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഖുർബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ൽ വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ ജോയിൻ ചെയ്തു.
പ്രസ്തുത സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. വെയിൽ എന്ന സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂർത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ഞാൻ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര തന്നെ ഉണ്ട്.
വെയിൽ സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ പങ്കെടുത്ത സമയം വിവരം
16-11-2019 8.30 AM – 6.00 PM
17-11-2019 5.00 AM – 9.00 PM
18-11-2019 9.30 AM – 9.00 PM
19-11-2019 10.00 AM – 20-11-2019 2.00 AM
20-11-2019 4.30 PM – 21-11-2019 2.00 AM
രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയില് സിനിമയുടെ സംവിധായകൻ ശരത്ത് എന്റെ അമ്മയെ ടെലിഫോണിൽ വിളിക്കുകയും ’ഈ ആറ്റിറ്റിയൂഡ് ആണെങ്കിൽ ഷെയിന്‍ എതിരെ ഫെഫ്കയിലും നിർമ്മാതാക്കളുടെ അസോസിയേഷനിലും പരാതിപ്പെടും’ എന്നുമാണ് പറഞ്ഞത്.
ഈ സിനിമ പൂർത്തിയാക്കുന്നതിന് വേണ്ടി ആത്മാർഥതയോടെ എത്രത്തോളം ഞാൻ കഷ്ടപെടുന്നു എന്നുണ്ടെങ്കിലും ഒടുവിൽ പഴികൾ മാത്രമാണ് എനിക്ക് ലഭിക്കുന്നത്. ഒരു മനുഷ്യൻ എന്ന നിലയിൽ അല്പം വിശ്രമിക്കാനുള്ള ആവശ്യകത മാത്രമേ ഞാൻ ഉടനീളം ആവശ്യപെട്ടിരുന്നുള്ളൂ. തെറ്റായ വാർത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാൽ മാത്രമാണ് ഇത്തരത്തില്‍ ഒരു കുറിപ്പ് എഴുതിയത്. നിങ്ങൾ എങ്കിലും സത്യം മനസ്സിലാക്കണം…