ഹ്രസ്വമായ കാലയളവു കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ഷെയ്ന് നിഗം. പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ബാലതാരമായി എത്തുകയും പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഇടം പിടിക്കാനും ഷെയ്ന് കഴിഞ്ഞു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത 2016 ല്‍ പുറത്തു വന്ന കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഷെയ്ന് ആദ്യമായി നായകനായത്. ഇതിനു ശേഷം പുറത്തു വന്ന പറവ, ഈട, സൈറ ബാനു, കുമ്പളങ്ങി നൈറ്റ്സ്, ഓള്, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഇഷ്ക് എന്നി ചിത്രങ്ങള്‍ ഷെയ്ന് എന്ന നടന്റെ വ്യത്യസ്ത മുഖങ്ങളാണ് കാണിച്ചു തന്നത്.
കാമുകവേഷങ്ങള്‍ ഇത്രത്തോളം ഭംഗിയായി അവതരിപ്പിക്കാന്‍ മലയാളത്തില്‍ ഇന്ന് മറ്റൊരു യൂത്തനില്ല എന്നാണ് പൊതുവെയുള്ള പറച്ചില്. അതുകൊണ്ടു തന്നെ ഷെയ്ന് കാമുകനായി എത്തുന്ന ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിപ്പാണ്. ഷെയ്ന്‍കാമുകനായി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇന്നും അത്ഭുതമാണ്, കാരണം അത്രത്തോളം ഭംഗിയായും അനായാസമായുമാണ് താരം കാമുകനായി അഭിനയിക്കുന്നത്. ഈടയിലെയും, കിസ്മത്തിലെയും ഇഷ്ക്കിലെയും അഭിനയം കാണുമ്പോള്‍ താരം കാമുകനായി അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്നുവരെ പ്രേക്ഷകര്‍ പറഞ്ഞിട്ടുണ്ട്.
ഒടുവിലിതാ പ്രേക്ഷകരുടെ സംശയത്തിനുള്ള മറുപടിയും എത്തിയിരിക്കുകയാണ് ‘ഷെയ്ന് നിഗം. ”ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ.അതെ,ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്”.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് താരം മനസ്സു തുറന്നത്.എന്നാല്‍ തന്റെ ഹൃദയം കവര്‍ന്നത് ആരാണ് എന്ന കാര്യം താരം വെളിപെടുത്തിയിട്ടില്ല.
”കിസ്മത്തിലെ ഇര്‍ഫാന്റെയും കുമ്പളങ്ങി നൈറ്റ്സിലെ ബോബിയുടെയും കെയര്‍ ഓഫ് സൈറാ ബാനുവിലെ ജോഷ്വയുടെയും മൂന്നിലൊന്ന് സ്വഭാവങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഷെയ്ന് ആവുമെന്നും” താരം അഭിമുഖത്തില്‍ പറയുന്നു.”താന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും അടുപ്പം തോന്നിയ കഥാപാത്രം കിസ്മത്തിലെ ഇര്ഫാന് ആണ്. ഒരു പക്ഷേ അത് തന്റെ ആദ്യ നായക വേഷം ആയതുകൊണ്ടാവാം. കിസ്മത്തിലെ ഇര്ഫാന് കഴിഞ്ഞാല്‍ കുമ്പങ്ങി നൈറ്റ്സിലെ ബോബിയും കെയര്‍ ഓഫ് സൈറാ ബാനുവിസെ ജോഷ്വയുമാണ് തന്നോട് അടുത്ത് നില്ക്കുന്നതും” എന്നും ഷെയ്ന് പറയുന്നു. ഷെയ്നിന്റെ പ്രണയിനി ആരെന്നാലോചിച്ച് തലപുകയ്ക്കുകയാണ് സിനിമാ പ്രേമികള്‍ ഇപ്പോള്‍.