കൊച്ചി: യുവനടൻ ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതു സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ “അമ്മ’യും തമ്മിലുള്ള ആദ്യവട്ട ചർച്ച അഞ്ചിനു നടക്കും.
“അമ്മ’ നൽകിയ കത്തിനു മറുപടിയായി അഞ്ചിനു ചർച്ചയിൽ എത്തിച്ചേരാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സൗകര്യം ആരാഞ്ഞിരുന്നു. അഞ്ചിനു തടസങ്ങളില്ലെന്നാണ് “അമ്മ’ മറുപടി നൽകിയത്. ചർച്ചയ്ക്കു മുന്നോടിയായി നാളെ ഷെയ്നുമായി അമ്മ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തും.
കുറ്റാരോപിതന്റെ ഭാഗം കേൾക്കുന്നതിനാണ് ഷെയ്നുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് “അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയ്ന്റെ ഭാഗത്ത് അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുന്പോൾ തന്നെ ഒരാളുടെ തൊഴിൽ നിഷേധിക്കും വിധം വിലക്കേർപ്പെടുത്തിയതിനോട് അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർക്ക് വിയോജിപ്പുണ്ട്.
ഇരു ഭാഗത്തും വിട്ടുവീഴ്ച വേണമെന്ന നിലപാടാണ് അമ്മയ്ക്ക്. മുടങ്ങിയ മൂന്ന് സിനിമകളും പൂർത്തിയാക്കണമെന്നുള്ള നിർദേശമായിരിക്കും അമ്മ ഷെയ്ന് നൽകുക. ഷെയ്ൻ ഇതു സമ്മതിക്കാൻ തയാറായാൽ വിലക്ക് നീക്കണമെന്ന ആവശ്യം അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു മുന്നിൽ വയ്ക്കും.
ഷെയ്ന് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരേ സിനിമാ മേഖലയിൽനിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിട്ടുവീഴ്ചയുടെ പാതയിലാണ്. ചിത്രീകരണം പൂർത്തിയായ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് പൂർത്തീകരിച്ചാൽ ഷെയ്ന്റെ വിലക്ക് നീക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കഴിഞ്ഞദിവസം അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
തെറ്റ് തിരിച്ചറിഞ്ഞ് മുന്നോട്ടുവന്ന് ഷൂട്ടിംഗ് മുടങ്ങിയ വെയിൽ, കുർബാനി എന്നീ സിനിമകൾ പൂർത്തീകരിക്കാൻ സഹകരിക്കണമെന്ന ആവശ്യവും നിർമാതാക്കൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.