കൊച്ചി: സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന് ഷെയ്ന് നിഗം നിര്‍മാതാവിന് അയച്ച ഇ-മെയില്‍ സന്ദേശം പുറത്ത്. നിര്‍മാതാവ് സോഫിയ പോളിനാണ് നടന് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇ-മെയില്‍ അയച്ചത്.
ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ താനാണ് പ്രധാന കഥാപാത്രം എന്ന കരാര്‍ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നല്‍കണമെന്നും ഇ – മെയിലില്‍ പറയുന്നു. ഈ മെയിലാണ് ഷെയ്ന് നിഗത്തിനെതിരായ പരാതിയിലേക്ക് നയിച്ചതും വിലക്കേര്‍പ്പെടുത്തിയതും.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടന, താര സംഘടനയായ അമ്മ എന്നീ സംഘടനകളുടെ സംയുക്ത പത്രസമ്മേളനത്തിലാണ് ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് അറിയിച്ചത്.
അമ്മയില്‍ അംഗത്വം തേടി നടന് ശ്രീനാഥ് ഭാസി
അതേസമയം, സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന് ശ്രീനാഥ് ഭാസി അപേക്ഷ നല്കി.
കലൂരില്‍ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നല്‍കിയത്. ഇത്തവണത്തെ വിവാദത്തില്‍ ശ്രീനാഥിനെ താര സംഘടന പൂര്‍ണമായും കൈയ്യൊഴിഞ്ഞിരുന്നു.
ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകള്‍ സംബന്ധിച്ചും അഭിനേതാക്കള്‍ കരാര്‍ ഒപ്പിടാന്‍ നിര്‍മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു.
എന്നാല്‍ താന്‍ അമ്മയില്‍ അംഗമല്ല എന്ന കാരണം പറഞ്ഞ് ശ്രീനാഥ് ഒഴിഞ്ഞ് മാറിയതായും പരാതികള്‍ ഉയര്‍ന്നിരുന്നു.നിര്‍മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ രജിസ്ട്രേഷന് നമ്പര്‍ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കു റിസ്കെടുക്കാനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തില്‍ തീരുമാനമെടുക്കുക.
ഡേറ്റ് നല്‍കാമെന്നു പറഞ്ഞു നിര്‍മാതാവില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ട് സഹകരിച്ചില്ലെന്നും പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്ത് സിനിമയുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്നു ചലച്ചിത്ര സംഘടനകള്‍ അറിയിച്ചത്.