കൊച്ചി: നടൻ ഷെയ്ൻ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബർ. നിർമാതാക്കൾക്കെതിരായ ഷെയ്ന്റെ പരാമർശം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ല. മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ൻ മാറ്റാമെന്നും ഫിലിം ചേംബർ ഭാരവാഹികൾ പറഞ്ഞു.
ഷെയ്നെ സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് നൽകിയ കത്ത് പിൻവലിക്കേണ്ടെന്നും തീരുമാനിച്ചു. വിലക്ക് നീക്കുന്ന കാര്യത്തിൽ അമ്മയുടെയും ഫെഫ്കയുടെയും പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. ഒത്തുതീർപ്പ് നീക്കം തുടരുന്നതിനിടെ പ്രകോപനകരമായ പ്രസ്താവനയുമായി ഷെയ്ൻ രംഗത്തെത്തുകയായിരുന്നു.