കൊച്ചി: സിനിമ കരാറും ഒത്തുതീർപ്പ് വ്യവസ്ഥകളും ലംഘിച്ച നടൻ ഷെയിൻ നിഗവുമായി കരാറിലായ മുഴുവൻ സിനിമകളിൽനിന്നും പിന്മാറാൻ നിർമാതാക്കളുടെ തീരുമാനം. ഇത് ഔദ്യോഗികമായി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും.
സിനിമാ ചിത്രീകരണത്തിനിടയിൽനിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെ താടിയും മുടിയും ഷെയ്ൻ വെട്ടിയിരുന്നു. ഇതേത്തുടർന്നാണ് ഷെയിനെതിരേ കടുത്ത നടപടിയിലേക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കടന്നിരിക്കുന്നത്.
താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്നും രൂപമാറ്റം വരുത്തില്ലെന്നും ഷെയ്ൻ ഉറപ്പുനൽകിയിരുന്നു. ആ വിലക്ക് ലംഘിച്ചാണ് ഷെയ്ൻ താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തിയത്.
ഷെയ്ൻ സിനിമയുടെ ചിത്രീകരണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന വാദവുമായി വെയിൽ സിനിമയുടെ സംവിധായകൻ ശരത് നേരത്തേ രംഗത്തു വന്നിരുന്നു. ചിത്രീകരണത്തിനിടെ ഷെയ്ൻ ഇറങ്ങിപ്പോയതിനെതിരേ നിർമാതാവ് ജോബി ജോർജ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകുകുയം ചെയ്തു.
വെയിൽ സിനിമയ്ക്കു വേണ്ടി നീട്ടി വളർത്തിയ താടിയും മുടിയുമാണ് സംവിധായകൻ ഷെയ്നിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെയാണ് താടിയും മുടിയും വടിച്ചുള്ള ചിത്രം ഷെയ്ൻ ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.