നിർമാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കാനുള്ള നീക്കവുമായി നടൻ ഷെയ്ൻ നിഗം. വെയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ സഹകരിക്കാമെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിർമാതാവ് ജോബി ജോർജിന് കത്തയച്ചു.
കരാർ പ്രകാരമുള്ള പ്രതിഫലം വേണ്ട. നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാം. കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ൻ കത്തിൽ പറയുന്നു.
തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ഷെയ്ൻ കത്തിൽ കുറിച്ചു. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി പറഞ്ഞു.
ചിത്രീകരണം മുടങ്ങിയ സിനിമകളുടെ നഷ്ട പരിഹാരമായി ഒരു കോടി രൂപ നൽകാതെ ഷെയ്ൻ നിഗമിന്റെ വിലക്ക് നീക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഈ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് അനുനയ നീക്കവുമായി ഷെയ്ൻ രംഗത്തെത്തിയത്.