കൊച്ചി: നിർമാതാവുമായുള്ള പ്രശ്നത്തിൽ വീണ്ടും കത്തുമായി നടൻ ഷെയ്ൻ നിഗം. സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ചു മുന്നോട്ടുപോകുമെന്നു കാട്ടി നിർമാതാക്കളുടെ സംഘടനയ്ക്കു ഷെയ്ൻ കത്തുനൽകി. കത്തിന്റെ പകർപ്പ് അമ്മയ്ക്കും നൽകിയിട്ടുണ്ട്.
അതേസമയം, ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാൻ നിർമാതാക്കൾ നൽകിയ സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഷെയ്ൻ വീണ്ടും കത്തുനൽകുന്നത്.
ആറാം തിയതിക്കുള്ളിൽ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമാതാക്കൾ ആവശ്യപ്പെട്ടത്. നിലവിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നും നിർമാതാക്കൾ നിലപാട് സ്വീകരിച്ചു.
ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കണമെന്ന നിർമാതാക്കളുടെ ആവശ്യം ഷെയ്ൻ നിഗം കഴിഞ്ഞ ദിവസംതന്നെ തള്ളിയിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിംഗ് പൂർത്തിയാക്കുകയില്ല എന്നുമാണ് ഷെയ്ന്റെ നിലപാട്.