ഉരുവച്ചാൽ: ദുബായിൽ കാണാതായ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. ശിവപുരം മൊട്ടയിലെ ചിറമ്മൽ ഹൗസിൽ സി. അബ്ദുള്ളയുടെ മകൻ മുഴപ്പിലങ്ങാട് സഫിമർവയിലെ ഷാനിബ് (24) ആണ് ഷാർജയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ദിവസവും വീട്ടിലും, സുഹൃത്തുക്കളുമായി വിളിക്കുകയും വാട്സാപ്പിൽ മെസേജ് അയക്കുകയും ചെയ്യാറുള്ള ഷാനിബ് ഏതാനും ദിവസങ്ങളായി വിവരങ്ങളൊന്നുമില്ലാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
നാട്ടിൽ നിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ഷാർജയിലെ ബന്ധുക്കൾ ഷാനിബിനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഷാനിബിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഷാർജയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന ഷാനു അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് ഷാർജയിൽ എത്തിയത്. മൂന്ന് മാസത്തോളം ജോലിയില്ലാതെ കഴിഞ്ഞു. മറ്റൊരു കമ്പനിയിൽ ജോലി ലഭിച്ചിട്ട് കുറച്ചു ദിവസങ്ങളെയായുള്ളൂ.
കമ്പനിയിൽ ജോലിയായതിനാൽ പാസ്പോർട്ട് , മറ്റ് വിലാസമൊന്നും കൈവശം ഉണ്ടായിരുന്നില്ല. താമസസ്ഥലത്ത് മുറിയിൽ കുഴഞ്ഞ് വീണാണ് മരണപ്പെട്ടത്.
മൃതദേഹം പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താമസസ്ഥലത്ത് മലയാളികൾ ഇല്ലാത്തതാണ് മരണവിവരം നാട്ടിൽ അറിയിക്കാൻ വൈകിയത്.
പിതാവ് അബ്ദുള്ളയെ കാണാതായിട്ട് 20 വർഷത്തോളമായി. ജോലി ആവശ്വാർഥം വീട്ടിൽ നിന്നും പുറപ്പെട്ട അബ്ദുള്ളയെക്കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായില്ല.
കുടുംബത്തിന്റെ അത്താണിയായിരുന്നു ഷാനിബ്. സഫൂറയാണ് മാതാവ്. സഹോദരങ്ങൾ: റഹ്സീന, മർസീന. പരേതയായ റംസീന. മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിച്ച് കബറടക്കി.