തുറവൂർ: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുൾപ്പെടെ പുതിയ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരെ നിയമിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കു കത്തു നൽകിയതായി എംഎൽഎ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം ബുദ്ധിമുട്ടിയിരുന്ന ഈ സ്ഥാപനം ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്. ഭൗതിക സൗകര്യങ്ങളോടൊപ്പം തന്നെ ഡോക്ടർമാരുടേയും ജീവനക്കാരുടേയം എണ്ണം വർധിപ്പിച്ചെങ്കിൽ മാത്രമേ ഇവിടുത്തെ സേവനങ്ങൾ യഥാസമയം പൊതുജനങ്ങളിൽ എത്തുകയുള്ളൂ എന്ന് എംഎൽഎ പ്രതികരിച്ചു.
ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക്, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വാർഡുകൾ എന്നിവ പൂർത്തിയായിക്കഴിഞ്ഞു. മോഡുലാർ ഓപ്പറേഷൻ തീയേറ്റർ, ഡയാലിസിസ് ബ്ലോക്ക് നിർമാണവും അന്തിമഘട്ടത്തിലാണ്. ട്രോമകെയർ ഉൾപ്പെടുന്ന ആറുനില ക്കെട്ടിടത്തിന്റെ പണി തുടങ്ങിക്കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി മന്ത്രിക്കു നിവേദനം നൽകിയതെന്നും ഷാനിമോൾ അറിയിച്ചു. അധിക തസ്തികകൾ സൃഷ്ടിക്കുന്നതിനും കിടക്കകളുടെ എണ്ണം വർധിപ്പിക്കുന്നതിനും വേണ്ടി വിശദമായ പ്രപ്പോസൽ തയാറാക്കിയിട്ടുള്ളതായും എംഎൽഎ പറഞ്ഞു.