മേയര്‍ ആര്യാ രാജേന്ദ്രന്‍ കൈകുഞ്ഞിനെയുമായി ഓഫീസ് ജോലി ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം വലിയ ചര്‍ച്ച ആയിരുന്നു. മേയറുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഷാനിമോള്‍ ഉസ്മാന്‍ ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
രാഷ്ട്രീയപരമായി പരസ്പരം വിയോജിപ്പുണ്ടങ്കിലും അമ്മ എന്ന നിലയില്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു ഓഫീസില്‍ വന്നതിനോട് പൂര്‍ണ്ണ യോജിപ്പാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
ആര്യാ രാജേന്ദ്രന്റെ രാഷ്ട്രീയത്തോടുള്ള വിയോജിപ്പിനിടയിലും അമ്മ എന്ന നിലയില്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചു ഓഫീസില്‍ വന്നതിനോട് പൂര്‍ണ്ണ യോജിപ്പ്.
ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളില്‍ ഒന്നാണ് ടൈം മാനേജ്‌മെന്റ്. ഒരു വ്യക്തി നിരവധികാര്യങ്ങള്‍ ഒരുപോലെ നടത്തേണ്ട കാലം.
കുഞ്ഞിനെ പ്രസവിക്കലും വളര്‍ത്തലും മാത്രമാണോ സ്ത്രീയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്? കുഞ്ഞിനെ വളര്‍ത്താന്‍ വേണ്ടി ജോലി രാജിവച്ച ധാരാളം സ്ത്രീകളെ എനിക്കറിയാം.
അത് പഴയ കാഴ്ച്ചപ്പാട്. ആര്യയുടെ കയ്യില്‍ എത്ര കംഫര്ട്ടബിള്‍ ആയിട്ടാണ് കുഞ്ഞിരിക്കുന്നത്, അത് മാത്രം നോക്കിയാല്‍ പോരെ?
ന്യൂസിലണ്ട് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍സ്, യു എന്‍ ജനറല്‍ അസംബ്ലിയില്‍ കൈകുഞ്ഞുമായിരിക്കുന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
2023 ലെ ലോക സന്തോഷ സൂചികയില്‍ (happiness index )ന്യൂസിലണ്ട് പത്താമതാണ്. കുഞ്ഞിനെ കയ്യിലെടുത്തതിന്റെ പേരില്‍ ഒരു കുറവും വന്നില്ല.
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ആര്യാ രാജേന്ദ്രന്‍ കുറവ് വരുത്തുന്നുണ്ടോ എന്ന് നോക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്തം ഉണ്ട്, അത് നമുക്ക് നോക്കാം.
ആര്യയുടെ കുഞ്ഞിനെ ആര്യ വളര്‍ത്തട്ടെ, ആ കുഞ്ഞ് നന്നായി വളരട്ടെ.. അസാമിലെ ബോഡോ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഒരു ഫയല്‍ ഫോട്ടോ. (2009).