ആലപ്പുഴ: അരൂരിലെ ഇടത് കോട്ട തകർത്ത് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് അട്ടിമറി ജയം. തുടർച്ചയായ 13 വർഷം ഇടതുപക്ഷം കാത്തുസൂക്ഷിച്ച അരൂരിൽ രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇടത് സ്ഥാനാർഥി മനു സി. പുളിക്കലിനെ ഷാനിമോൾ പരാജയപ്പെടുത്തി.
മണ്ഡലം രൂപീകൃതമായ ശേഷം ഇവിടെ ജയിക്കുന്ന രണ്ടാമത്തെ മാത്രം കോൺഗ്രസ് സ്ഥാനാർഥിയാണ് ഷാനിമോളെന്നത് ഈ വിജയത്തിന്റെ തിളക്കമേറുന്നു. കഴിഞ്ഞ തവണ എ.എം ആരിഫ് 38,513 വോട്ടിനു ജയിച്ച മണ്ഡലത്തിലാണ് ഷാനിമോൾ അട്ടിമറി നടത്തിയത്. ഇടതിന്റെ ഉരുക്കുകോട്ടയെന്ന് അറിയപ്പെട്ടിരുന്ന അരൂരിൽ തുടക്കം മുതൽ ലീഡ് നിലനിർത്താൻ ഷാനിമോൾക്കായി.
എന്നാൽ അവസാന റൗണ്ടിലേക്ക് എത്തിയപ്പോൾ ലീഡിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായത് ആശങ്കയായി. ഒടുവിൽ ഇടത് ശക്തികേന്ദ്രം തുറവൂരായിരുന്നു എണ്ണാനെടുത്തത്. ഈ സമയം രണ്ടായിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷാനിമോൾക്ക് ഉണ്ടായിരുന്നത്. ഇത് ഉദ്യേഗം വർധിപ്പിച്ചു. എന്നാൽ തുറവൂരും വീഴാതെ കാത്തപ്പോൾ വീണുപോയത് അരൂരെന്ന ചുവപ്പ് കോട്ടയായിരുന്നു. വിജയത്തിൽ അരൂരിലെ ജനങ്ങൾക്ക് നന്ദി പറയുന്നതായി ഷാനിമോൾ ഉസ്മാൻ പറഞ്ഞു.