കണ്ണൂർ: സംസ്ഥാനത്തു സ്ത്രീ സുരക്ഷയൊരുക്കാൻ കഴിയാത്ത വനിതാ മന്ത്രിമാരായ കെ.കെ.ശൈലജയും ജെ.മേഴ്സിക്കുട്ടിയമ്മയും രാജിവയ്ക്കണമെന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) കണ്ണൂർ ജില്ലാ വനിതാ സമ്മേളനം ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
പി.കെ. ശശി എംഎൽഎക്കെതിരായി പാർട്ടിയിലെ തന്നെ വനിതാ നേതാവ് പീഡിപ്പിച്ചുവെന്നു പരാതി നൽകിയിട്ടും പ്രശ്നത്തിൽ ഇടപെടാനോ ഫോൺ എടുക്കാനോ ഈ വനിതാ മന്ത്രിമാർ തയാറായിട്ടില്ല. പീഡിപ്പിച്ച യുവതിക്ക് അനുകൂലമായി ഒരുവാക്കിന്റെ പിന്തുണ പോലും ഇവർ നൽകാത്തതു സിപിഎമ്മിന്റെ ജീർണിച്ച രാഷ്ട്രീയ മുഖമാണു വ്യക്തമാക്കുന്നത്.
പി.കെ. ശശിയുടെ കാര്യത്തിൽ സിപിഎം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. നിയമ മന്ത്രി ബാലനും പി.കെ. ശ്രീമതി എംപിയും പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതു സമാന്തര നിയമസംവിധാനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ശശിക്കെതിരെയുള്ള പരാതി ഉടൻ പോലീസിനു കൈമാറണം.
ഇല്ലെങ്കിൽ വനിതകൾ ശക്തമായ പ്രക്ഷോഭവുമായി തെരുവിൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളം നിർബന്ധിച്ചു ചലഞ്ച് ചെയ്യുന്നത് തെറ്റാണ്. ഭൂമി പോലും നൽകാൻ തയാറായവരാണ് ഇവിടത്തെ ജനങ്ങൾ. നിർബന്ധിച്ചു വെല്ലുവിളിച്ചു ശന്പളം വാങ്ങിക്കുന്നതു ജീവനക്കാരിൽ സർക്കാരിനു വിശ്വാസമില്ലാത്തതിനാലാണ്.
വൃത്തം വരച്ച് അതിനകത്തു നിർത്തിയാണു സർക്കാർ ജീവനക്കാരെ കൊണ്ടു ചലഞ്ച് നടത്തുന്നത്. മുഖ്യമന്ത്രി അമേരിക്കയിൽ പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവാദിത്വങ്ങൾ മറ്റു മന്ത്രിമാരെ ഏൽപിക്കാത്തതിനാൽ കേരളത്തിൽ പരിപൂർണമായും ഭരണം സ്തംഭിച്ചിരിക്കുകയാണ്.
ഇ.പി. ജയരാജൻ മന്ത്രിസഭാ യോഗം വിളിച്ച് അധ്യക്ഷത വഹിക്കാത്തതു മന്ത്രിമാർ തമ്മിലുള്ള അടിപിടി കാരണമാണ്. ദുരിതാശ്വാസപ്രവർത്തനങ്ങൾ പോലും താളംതെറ്റിയിരിക്കുകയാണെന്നും അവർ പറഞ്ഞു. കെപിഎസ്ടിഎ വനിതാ ഫോറം ചെയർപേഴ്സൺ ടി.വി. ജ്യോതി അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.വി. ഫിലോമിന, കെ. ശോഭ, ഷാഹിത റഹ്മാൻ, കെ.സി. രാജൻ, കെ. രമേശൻ, രജനീ രമാനന്ദ്, ഗീത കൊമ്മേരി, പി.പി. സത്യവതി, സി.കെ. ഗിരിജ, പി.എം. ജയശ്രീ, കെ.എം. ബിന്ദു, കെ.എം. ഉമ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡോ. എം.പി. ബിന്ദു ക്ലാസെടുത്തു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.