കണ്ണൂർ: ഭരണം നേരേകൊണ്ടുപോകണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധനകാര്യമന്ത്രിയെ വിളിച്ച് നാളെ മുതൽ ഈ പണിക്ക് വരേണ്ടയെന്ന് പറയുന്നതാണ് നല്ലതെന്ന് മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന സമ്മേളനം സാധു കല്യാണമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കടംവാങ്ങിയ പണത്തിന്റെ പലിശ കൊടുക്കാൻ വീണ്ടും പണം കടം വാങ്ങേണ്ട ഗതികേടിലാണ് പിണറായിയുടെ സർക്കാർ. ഇവർക്ക് ആരാണ് പണം നൽകാൻ പോകുന്നത്. എല്ലാ പദ്ധതിക്കും ചൂണ്ടിക്കാണിക്കുന്നത് കിഫ്ബിയെയാണ്. അതിന്റെ അകത്ത് പത്തുപൈസയില്ല. ജനങ്ങൾ അധ്വാനിച്ച പണം ആരാണ് കിഫ്ബിയിൽ നിക്ഷേപിക്കാൻ പോകുന്നത്.
മദ്യക്കച്ചവടത്തിൽനിന്നും പണമുണ്ടാക്കിയാണ് ദൈനംദിനകാര്യങ്ങൾ ചെയ്യുന്നത്. ഇതുപോലുള്ള ഒരു സർക്കാർ ഇന്ത്യയിലെവിടെയുമില്ല, ചൈനയിലുമില്ല. കേരളത്തിൽ എപ്പോൾ യുഡിഎഫിനു ഭരണം വേണമെന്ന് തീരുമാനിച്ചാൽ ആ സമയത്ത് ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യമാണ് കേരളത്തിലുള്ളത്.
തോമസ് ഐസക്കിനു വിവരമില്ലാത്തതുകൊണ്ടാണ് സാന്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ കൊണ്ടുവന്നത്. സിപിഎമ്മിന്റെ സാന്പത്തികശാസ്ത്രം ലോകത്ത് റഷ്യയിലും ചൈനയിലും മാത്രമാണുണ്ടായിരുന്നത്. റഷ്യ തകർന്നടിയുകയും ചെയ്തു. എന്നിട്ടാണ് നിങ്ങളുടെ സാന്പത്തികശാസ്ത്രം നടപ്പിലാക്കാൻ കോൺഗ്രസിനോടു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദൻ അധ്യക്ഷത വഹിച്ചു. പി.എസ്. സലീം, ബെന്നി ബെഹന്നാൻ, സതീശൻ പാച്ചേനി, ചൂരനാട് രാജശേഖരൻ, പി. ശരത്ചന്ദ്രപ്രസാദ്, സണ്ണി ജോസഫ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.