നെയ്യാറ്റിന്‍കര: തിരുവാഭരണം മോഷ്ടിച്ച താത്കാലിക പൂജാരി അറസ്റ്റില്‍. മോഷണത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പെരുന്പഴുതൂര്‍ വിഷ്ണുപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണം മോഷ്ടിച്ച കേസിലാണ് കൊട്ടാരക്കര വാളകം തേവന്നൂര്‍ കണ്ണംകര മഠത്തില്‍ ശങ്കരനാരായണ (39) നെ പോലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും പുറത്തും ഇയാള്‍ പൂജാരിയായി ജോലി ചെയ്തിട്ടുണ്ട്. ആന്‍ഡമാന്‍, ഡല്‍ഹി, മുംബൈ, ഫരീദാബാദ് മുതലായവിടങ്ങളിലെ അയ്യപ്പ ക്ഷേത്രങ്ങളിലെ പൂജാരിയായിരുന്നു.
അരുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണ പൊട്ട് മോഷ്ടിച്ച കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതായും പോലീസ് അറിയിച്ചു. മറ്റു ക്ഷേത്രങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള മോഷണം ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.