സ്വന്തം ലേഖകൻ
തൃശൂർ: പോലീസുകാരെന്നാൽ ശങ്കരൻകുട്ടിക്കിപ്പോൾ ജീവനാണ്. കാക്കിയുടുപ്പ് ശങ്കരൻകുട്ടിക്ക് പുതിയൊരു ജീവിതത്തിലേക്ക് മഴവിൽ വെളിച്ചം പകർന്ന നിറമാണിപ്പോൾ….ആ പോലീസുകാരില്ലായിരുന്നുവെങ്കിൽ….അതോർക്കാൻ പോലും മുക്കാട്ടുകര സ്വദേശിയും ഇലക്ട്രിക്കൽ കോണ്‍ട്രാക്ടറുമായിരുന്ന ശങ്കരൻകുട്ടിക്കാകുന്നില്ല.എന്തുകൊണ്ടാണ് ശങ്കരൻകുട്ടിക്ക് പോലീസുകാരിത്ര പ്രിയപ്പെട്ടവരായത്…..
അതിന്റെ കാരണം ഇതാണ്…
ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ തൃശൂർ കളക്ടറേറ്റിലുണ്ടായ അഗ്നിബാധയെ തുടർന്നുള്ള പരിശോധനയ്ക്ക് കളക്ടറേറ്റിൽ ഉദ്യോഗസ്ഥർക്കൊപ്പം പോയ ശങ്കരൻകുട്ടി ഉച്ചയ്ക്ക് രണ്ടരയോടെ തൃശൂർ നഗരസമീപത്തെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. രണ്ടു പൊറോട്ടയും ഒരു പനീർ ബട്ടർ മസാലയുമാണ് കഴിച്ചത്. അതു കഴിഞ്ഞ് മടങ്ങി രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ശങ്കരൻകുട്ടിയുടെ ശരീരത്തിൽ അലർജിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. കാലിലും മുഖത്തും നീരുവന്ന് വീർത്തു.
ശരീരത്തിന്റെ സെൻസേഷനും നഷ്ടമായി. സംഗതി ഗുരുതരമാണെന്ന് മനസിലാക്കി ശങ്കരൻകുട്ടി വണ്ടിയിൽ വീട്ടിലേക്ക് പോയി. തൃശൂർ റൗണ്ടിൽ നടുവിലാലിൽ എത്തിയപ്പോഴേക്കും തലകറങ്ങാൻ തുടങ്ങി. ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ഫോണിൽ ചിലരെ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല. ആശുപത്രിയിലേക്ക് പോകണമെന്നുണ്ടായിരുന്നുവെങ്കിലും അനങ്ങാൻ വയ്യാത്ത സ്ഥിതിയായിരുന്നു.
ബിനി ജംഗ്ഷൻ വരെ ഒരു വിധം എത്തി. അവിടെ ഡ്യൂട്ടിയിൽ പോലീസുകാർ നിൽക്കുന്നതു കണ്ട് ശങ്കരൻകുട്ടി വണ്ടിയൊതുക്കി പുറത്തിറങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിഐ ജോയിയോട് എന്നെ ഒന്നു ഹോസ്പിറ്റലിൽ കൊണ്ടുപോകുമോ എന്ന് പറയുന്പോഴേക്കും ശങ്കരൻകുട്ടി കുഴഞ്ഞുവീണു. പിന്നെ ശങ്കരൻകുട്ടിക്ക് ഒന്നും ഓർമയില്ല. പിന്നെ ബോധം തെളിയുന്പോൾ ശങ്കരൻകുട്ടി അശ്വനി ആശുപത്രിയിലാണ്.
പോലീസുകാർ ചെയ്തത്..
മുസ്ലിം ലീഗിന്റെ പ്രകടനം സ്വരാജ് റൗണ്ടിലൂടെ കടന്നുപോകുന്പോഴാണ് ശങ്കരൻകുട്ടിയുടെ കാർ പോലീസുകാർ നിൽക്കുന്ന ഭാഗത്തേക്ക് വന്നത്. എന്താണ് വണ്ടി ഇങ്ങിനെ വരുന്നത് എന്ന് നോക്കി പോലീസുകാർ അടുത്തെത്തിയപ്പോഴാണ് കാർ ഓടിച്ചെത്തിയ ആൾ തീരെ അവശനായി പുറത്തിറങ്ങി വന്ന് തീരെ വയ്യെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാമോ എന്നും ചോദിച്ച് കുഴഞ്ഞുവീണത്.
തങ്ങൾക്കരികിലെത്തി കുഴഞ്ഞുവീണ ശങ്കരൻകുട്ടിയെ ബിനി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് സിഐ ജോയി, സനേഷ്, ട്രാഫിക് സ്റ്റേഷനിലെ ജോജോ, സ്റ്റേറ്റ് ഇന്റലിജൻസ് എസ്ഐ ഷറഫുദീൻ എന്നിവർ ചേർന്ന് ഉടൻ തന്നെ ശങ്കരൻകുട്ടിയെ ജീപ്പിലേക്ക് എടുത്തു കിടത്തി സൈറണ്‍ മുഴക്കി അശ്വനി ആശുപത്രിയിലേക്ക് പാഞ്ഞു. റാലിയെ തുടർന്ന് വഴിയിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നുവെങ്കിലും സൈറണ്‍ മുഴക്കി പോലീസ് ജീപ്പ് വരുന്നത് കണ്ട് ഏവരും വഴിയൊഴിഞ്ഞു. നിമിഷങ്ങൾക്കകം ശങ്കരൻകുട്ടിയെ അശ്വനി ആശുപത്രിയിലെത്തിച്ചു. ശങ്കരൻകുട്ടിയുടെ വീട്ടിലും പോലീസ് തന്നെയാണ് വിവരങ്ങളറിയിച്ചത്.
ആശുപത്രി അധികൃതർ പറഞ്ഞത്..
അൽപം കൂടി വൈകിയിരുന്നുവെങ്കിൽ ഒരുപക്ഷേ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്നാണ് ഡോക്ടർമാർ ബോധം തിരിച്ചുകിട്ടിയപ്പോൾ ശങ്കരൻകുട്ടിയോടു പറഞ്ഞത്. കൃത്യസമയത്ത് പോലീസുകാർ ഇവിടെ എത്തിച്ചതു കൊണ്ട് മാത്രമാണ് രക്ഷപ്പെടാനായത്. ഭക്ഷണത്തിൽ നിന്നുള്ള അലർജി പലർക്കും ഉണ്ടാകാറുണ്ട് ശരീരത്തിൽ ചൊറിച്ചിലും പിന്നീട് തടിപ്പുമായി മാറുന്നതാണ് അലർജിയുടെ ലക്ഷണം. ശങ്കരൻകുട്ടിയുടെ തലയോട്ടിയിൽ വരെ ഇതനുഭവപ്പെട്ടു. കുറച്ചു സമയം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ ശ്വാസകോശത്തിലേക്കും ഈ അലർജി ബാധിക്കുമായിരുന്നുവത്രെ. ശ്വാസം കിട്ടാതെ അപകടവും സംഭവിക്കുമായിരുന്നു.
മരണത്തിന്റെ വാതിൽക്കൽ വച്ച് തന്നെ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പോലീസുകാരെ ആശുപത്രിക്കിടക്കയിൽ ഡ്രിപ്പിട്ടു കിടന്നിരുന്ന ശങ്കരൻകുട്ടി നന്ദിയോടെ നോക്കി. ശങ്കരൻകുട്ടിയുടെ തോളിൽ പതിയെ തട്ടി പോലീസുകാർ ആശുപത്രിയിൽ നിന്നിറങ്ങി..ഡ്യൂട്ടി തുടരാനായി…
പിറ്റേന്ന് നടന്നത്…
ഒരു വലിയ കേക്കുമായി ശങ്കരൻകുട്ടിയും വീട്ടുകാരും പിറ്റേന്ന് തന്നെ പോലീസ് സ്റ്റേഷനിലെത്തി. തനിക്ക് പുനർജൻമം തന്ന പോലീസുകാരുമായി ആഹ്ലാദം പങ്കിടാനും മധുരം വിളന്പാനും.ആരും ഇങ്ങനെ ഇവിടെ വരാറില്ലെന്നും ചിലരൊക്കെ താങ്ക്സ് പറഞ്ഞ് ഫോണ്‍ ചെയ്യാറുണ്ടെന്നും പലരും വിളിക്കുക പോലും ചെയ്യാറില്ലെന്നും പോലീസുകാർ പറഞ്ഞു.
തന്നെ രക്ഷിച്ച പോലീസുകാരോട് ഒരു പാട് നന്ദി പറഞ്ഞ് ശങ്കരൻകുട്ടി നേരെ സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയെ ചെന്നു കണ്ടു. തന്നെ പോലീസുകാർ മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷിച്ച കഥ കമ്മീഷണറോടു പറഞ്ഞു. അദ്ദേഹത്തിനും അഭിമാനം കൊണ്ട് മനം നിറഞ്ഞു.
ശങ്കരൻകുട്ടിയുടേയും കുടുംബത്തിന്റെയും വക കേരള പോലീസിനൊരു സെല്യൂട്ട്…
ശങ്കരൻകുട്ടി തന്നെ രക്ഷപ്പെടുത്തിയ പോലീസുകാരെക്കുറിച്ച് എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കുന്നു. രക്ഷകരായി എത്തിയ കേരള പോലീസിന് ശങ്കരൻകുട്ടിയും കുടുംബവും നൽകുന്നു…. ഹൃദയവും മനസും നിറഞ്ഞ ബിഗ് സല്യൂട്ട്.