തിരുവനന്തപുരം: കാറ്റ് കൊണ്ടും കടലു കണ്ടും വൈകുന്നേരങ്ങൾ ആനന്ദകരമാക്കാൻ കാഴ്ചക്കാരെത്തിയിരുന്ന ശംഖുമുഖം തീരം അതിരൂക്ഷമായ കടലാക്രമണത്തിൽ സർവനാശത്തിലേക്ക്.
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ പ്രഭാവത്താൽ ഏതാനും ദിവസങ്ങളായി തുടരുന്ന അതിശക്തമായ തിരയേറ്റത്തിൽ കോടികൾ മുടക്കി നിർമാണം ആരംഭിച്ച ശംഖുമുഖം റോഡ് കൂടുതൽ തകർച്ചയിലേക്കു നീങ്ങുകയാണ്. റോഡും ബീച്ചും മുഴുവനായി കടലെടുക്കുന്ന തരത്തിൽ രൂക്ഷമാണ് നിലവിലെ സ്ഥിതി. ഇതോടെ തീരദേശവാസികൾ ആകെ പരിഭ്രാന്തിയിലുമാണ്.
ഓഖി ചുഴലിക്കാറ്റാണ് ശംഖുമുഖത്തെ തകർത്തു തുടങ്ങിയത്. ഇതിനു പിന്നാലെയുണ്ടായ അതിരൂക്ഷമായ കടലാക്രമണങ്ങൾ ബീച്ചും റോഡും എല്ലാം തകർത്തെറിഞ്ഞു.കഴിഞ്ഞ മൂന്നു വർഷമായി കടലേറ്റം ശക്തമായതോടെ സഞ്ചാരികൾ വൈകുന്നേരങ്ങൾ ചെലവഴിച്ചിരുന്ന മനോഹര തീരം പൂർണമായി കടലെടുത്തു.
സഞ്ചാരികൾക്കായി പണിതുയർത്തിയ ഇരിപ്പിടങ്ങളും തിരയേറ്റം തടയാൻ നിർമിച്ച കടൽഭിത്തിയുമെല്ലാം തകർന്നടിഞ്ഞു. തീരദേശ റോഡിന്റെ പകുതിയോളം കടലേറ്റത്തിൽ തകർന്നു. ഇന്നിപ്പോൾ റോഡിന്റെ മധ്യത്തിൽ സ്ഥാപിച്ച കന്പിവേലിക്കെട്ടിനപ്പുറത്ത് തിരയടിക്കുന്ന കടലല്ലാതെ, തീരമില്ല.
ശേഷിച്ച റോഡിന്റെ ഭാഗങ്ങളും ഇരച്ചുകയറുന്ന കടൽ തകർത്തെറിയുമെന്നത് തീരദേശത്തെ ആശങ്കയിലാഴ്ത്തുകയാണ്. ഓരോ തവണയും കടലാക്രമണത്തിൽ റോഡും തീരവും തകരുന്പോൾ പ്രശ്നങ്ങൾ എല്ലാം ഉടൻ പരിഹരിക്കുമെന്നാണ് ഭരാണാധികാരികൾ പറയുന്നത്.
പക്ഷേ കടൽ ദേ ഇങ്ങെത്തി, എന്നതാണ് ഇവിടുത്തെ സ്ഥിതി. ശംഖുഖത്തെ വീണ്ടെടുക്കാനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചിട്ട് പത്തുമാസത്തോളമായി. എന്നാൽ നിർമാണം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല.
കെട്ടിയടച്ച റോഡിന്റെ നിർമാണമെങ്കിലും ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ അതും ഇഴഞ്ഞു നീങ്ങുകയാണ്. ആദ്യഘട്ടത്തിൽ ഡയഫ്രം വാളിന്റെ നിർമാണം ആരംഭിച്ചുവെങ്കിലും ഇപ്പോൾ അതും നിർത്തി വച്ചിരിക്കുകയാണ്.
പൈലിംഗ് നടത്തി നീളത്തിൽ ഷീറ്റുകൾ കുഴിയെടുത്ത് അതിൽമേൽ ഡയഫ്രം വാൾ നിർമിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. നിലവിലെ കാരാർ തുകയിൽ നിന്നും രണ്ട് കോടി രൂപ പുതിയ രീതിയിലുള്ള നിർമാണത്തിന് അധികമായി വേണ്ടി വരും.
ഇതിന് സർക്കാരിന്റെ പ്രത്യേക അനുമതി വേണം. ഇക്കാര്യത്തിൽ ഇനിയും തീരുമാനമുണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.ശംഖുംമുഖത്തെ പഴയരീതിയിൽ ആക്കുന്നതിനായി 5.32 കോടി രൂപയാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപെടുത്തി സർക്കാർ അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുനർനിർമാണ രൂപ രേഖ തയാറാക്കിയത്. സാധാരണ കടലാക്രമണങ്ങൾ ഉണ്ടാകുന്പോൾ തീരങ്ങളിൽ കല്ലിട്ട് കടൽഭിത്തി നിർമിക്കാറാണ് പതിവ് അതിന് പിറകിൽ മണ്ചാക്കുകൾ നിരത്തി ഒരു തടയകൂടി സൃഷ്ടിക്കും
എന്നാൽ ശംഖുംമുഖം ബീച്ചിൽ കരിങ്കല്ലും കന്പി വലയും ഉപയോഗിച്ച് അടിസ്ഥാനം തീർത്തിരുന്ന അരഭിത്തിയും അതിനപ്പുറത്തെ ടാറിട്ട റോഡുമെല്ലാം കടൽ വിഴുങ്ങിയതോടെയാണ് റോഡിന്റെ നിർമാണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വേണമെന്ന് വിദഗധർ അഭിപ്രായപ്പെട്ടത്. ഇതേ തുടർന്നാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗപെടുത്താൻ തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമാണ ജോലികൾ ആരംഭിച്ചത്.എന്നാൽ നിലവിൽ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്ന ഭാഗങ്ങളിലടക്കം ഈ ദിവസങ്ങളിൽ ശക്തമായ കടലേറ്റമാണുണ്ടാകുന്നത്.ശംഖമുഖത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം നിർമാണത്തിലെ അശാസ്ത്രീയതയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
കടലിന്റെ സ്വഭാവം മാറിയത് കണക്കിലെടുക്കാതെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കടലിനെ അടുത്തറിയുന്ന മത്സ്യത്തൊഴിലാളികളെ കൂടി നിർമാണ പദ്ധതികൾ രൂപീകരിക്കുന്പോൾ പങ്കാളികളാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കടലിന്റെ സ്വഭാവം മനസിലാക്കിയുള്ള നിർമാണം നടത്തിയാൽ മാത്രമേ ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂ. വലിയതുറയിലെ കടൽപ്പാലം വർഷങ്ങളായി ഇത്തരം കടലേറ്റങ്ങളെ അതിജീവിച്ചു നിൽക്കുന്നത് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ലക്ഷങ്ങൾ മുടക്കി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടും കടലാക്രമണത്തിൽ തീരത്തിന്റെ കൂടുതൽ ഭാഗങ്ങൾ തകരുന്നത് ആശങ്കയോടെയാണ് നാട്ടുകാർ കാണുന്നത്. ഇതോടെ പഴയ ശംഖുമുഖത്തെ വീണ്ടെടുക്കാൻ കഴിയുമോ എന്ന ചിന്തയിലാണ് പ്രദേശവാസികളും ശംഖുമുഖത്തെ ചെറുകിട കച്ചവടക്കാർ ഉൾപ്പെടെയുള്ളവരും.
ഇപ്പോൾ സഞ്ചാരികൾ കൂടി കൈവിട്ടതോടെ ഇവിടുത്തെ വഴിയോര കച്ചവടക്കാരുടെ ജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണ്.