ചന്ദ്രയാന്‍-2ന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നാസയെ സഹായിച്ചത് തമിഴ്നാട് സ്വദേശിയായ ഷണ്മുഖ സുബ്രഹ്മണ്യന്റെ നിരീക്ഷണം. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള നാസയുടെ ഉപഗ്രഹമാണ് സെപ്തംബറില്‍ ചന്ദ്രോപരിതലത്തില്‍ വേര്‍പെട്ടു പോയ ഇന്ത്യയുടെ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. നാസ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഉള്‍പ്പെടെയാണ് നാസ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. രണ്ട് ഡസനോളം വരുന്ന പ്രദേശങ്ങളിലായാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 23 കഷണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രംലാന്‍ഡര്‍ കണ്ടെത്തിയത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അവശിഷ്ടങ്ങള്‍. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ഭാഗം കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമാണ് നാസ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഐ.എസ്.ആര്.ഒ ഇതുവരെ പ്രതികരിച്ചിട്ടില്ല. നവംബര്‍ മാസത്തില്‍ ലൂണാറെടുത്ത ചിത്രങ്ങളാണ് നിലവില്‍ ലഭിച്ചിരിക്കുന്നതില്‍ ഏറ്റവും വ്യക്തമെന്നും നാസ പറയുന്നു.
ചെന്നൈ സ്വദേശിയായ ഷണ്മുഖ സുബ്രഹ്മണ്യനാണ് നാസയ്ക്ക് ചന്ദ്രനില്‍ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടം ഉണ്ടായേക്കാം എന്ന സൂചന നല്‍കിയത്. കഴിഞ്ഞ സെപ്തംബര്‍ ഏഴിനു പുലര്‍ച്ചെ നടന്ന സോഫ്റ്റ് ലാന്‍ഡിന്റെ അവസാനഘട്ടത്തിലാണ് ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് വിക്രം ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രയാന്‍ 2 ന്റെ പ്രധാനഭാഗമായ ഓര്‍ബിറ്ററിനു നഷ്ടമായത്. അതേസമയം, വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ കിണഞ്ഞു ശ്രമിച്ച ഐ.എസ്.ആര്.ഒ ആ ശ്രമം നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു. വിക്രം ലാന്‍ഡറിന് ഐ.എസ്.ആര്.ഒ കണക്കാക്കിയ ആയുസ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായകമായ നിരീക്ഷണങ്ങള്‍ നടത്തിയ ഷണ്മുഖ സുബ്രമണ്യനെ ശാസ്ത്രലോകം മുക്തകണ്ഠം പ്രശംസിക്കുകയാണ്. ഇന്ത്യയിലെ കമ്പ്യൂട്ടര്‍ രംഗത്തെ വിദഗ്ധനും മെക്കാനിക്കല്‍ എന്‍ജിനിയറുമായ ഷണ്മുഖ സുബ്രമണ്യന്റെ സംശയമാണ് നാസയെ വിക്രം ലാന്‍ഡറില്‍ എത്തിച്ചത്. ഉപഗ്രഹചിത്രങ്ങളെ വിശകലനം ചെയ്യുന്ന ഷണ്മുഖം കണ്ടെത്തിയ അസ്വാഭാവികമായ വസ്തുക്കളെക്കുറിച്ചുള്ള സംശയം നാസയ്ക്ക് കൈമാറിയതാണ് കൂടുതല്‍ വ്യക്തമായ ചിത്രങ്ങളിലൂടെ വിക്രം ലാന്‍ഡറാണെന്ന് സ്ഥിരീകരിക്കാനായതെന്ന് നാസ അധികൃതര്‍ വ്യക്തമാക്കി.
നാസയുടെ ലൂണാര്‍ (എല്‍.ആര്.ഒ) ടീമാണ് സാധ്യത മനസിലാക്കി ചിത്രങ്ങളെ വീണ്ടും അപഗ്രഥിച്ചത്. ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ പ്രത്യേക തരം തരികളും അവ കിടന്ന സ്ഥാനവും ഐ.എസ്.ആര്.ഒ നല്കിയ വിവരങ്ങളും വച്ചാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ അളവുകളും ഉപഗ്രഹം മനസിലാക്കി. ഐഎസ്ആര്‍ഒ ഈ കണ്ടെത്തലിനോട് ഇതുവരെ പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.