രാജ്ഭവനെ ലേഡീസ് ക്ലബ്ബാക്കി മാറ്റി! വനിതകളായ രണ്ട് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ക്കും നഴ്‌സിനും സ്ഥിരം നൈറ്റ് ഡ്യൂട്ടി; മേഘാലയ ഗവര്‍ണറെ പടിയിറക്കി

2017janu28shanmughan

ന്യൂഡല്‍ഹി: ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്ന് പടിയിറങ്ങിയ മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖനാഥന്‍റെ രാജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകരിച്ചു. ആസാം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനു മേഘാലയ ഗവര്‍ണറുടെ അധികചുമതല നല്‍കി. രാജ്ഭവനില്‍ ഗവര്‍ണറുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതോടെ ഷണ്‍മുഖനാഥനെ ഗവര്‍ണര്‍ പദവിയില്‍നിന്നു നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നൂറിലധികം വരുന്ന രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തു നല്‍കിയിരുന്നു. തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍നിന്നുള്ള ആര്‍എസ്എസ് നേതാവു കൂടിയായ ഷണ്‍മുഖനാഥന്‍ രാജി നല്‍കിയത്.

68കാരനായ ഷണ്‍മുഖനാഥ ന്‍ രാജ്ഭവനെ ലേഡീസ് ക്ലബ്ബാക്കി മാറ്റിയെന്നായിരുന്നു ജീവനക്കാരുടെ പരാതി. ഷണ്‍മുഖനാഥന്‍ രാജ്ഭവന്‍റെ അന്തസ് തന്നെ ഇല്ലാതാക്കി. ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുകയും മനുഷ്യത്വമില്ലാതെ പെരുമാറുകയും ചെയ്യുന്നു. രാജ്ഭവനില്‍ ഗവര്‍ണറുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം സ്ത്രീകള്‍ കയറിയിറങ്ങുന്നു. ചിലര്‍ മറ്റ് ഉദ്യോഗസ്ഥരുടെ അനുമതിക്കു പോലും കാത്തുനില്‍ക്കാതെ നേരേ ഗവര്‍ണറുടെ കിടപ്പു മുറിയിലേക്കു കയറിപ്പോകുകയാണു പതിവെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഗവര്‍ണര്‍ നേരിട്ടു നിയമിക്കുന്ന സ്ത്രീകള്‍ രാജ്ഭവനിലാകെ നിറഞ്ഞു. വനിതകളായ രണ്ട് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍മാര്‍ക്കും നഴ്‌സിനും സ്ഥിരം നൈറ്റ് ഡ്യൂട്ടിയാണ്.

ഗവര്‍ണറുടെ സ്ത്രീകളോടുള്ള പെരുമാറ്റം ശരിയല്ലെന്നുമായിരുന്നു ജീവനക്കാരുടെ പരാതി. ജോലിക്കായി രാജ്ഭവനില്‍ അഭിമുഖത്തിനെത്തിയപ്പോള്‍ ഗവര്‍ണര്‍ അപമര്യാദയായി പെരുമാറിയെന്നു മറ്റൊരു യുവതിയും പരാതി ഉന്നയിച്ചിട്ടുണ്ട്.

ഇതിനു പുറമേ സിവില്‍ സൊസൈറ്റി ഓഫ് വുമണ്‍, തമാ ഉ രംന്തി തുടങ്ങിയ രണ്ട് സംഘടനകളും ഗവര്‍ണറുടെ അടിയന്തര രാജി ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി രാജ്ഭവനു പുറത്ത് ധര്‍ണ നടത്തിയിരുന്നു. പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് ഗവര്‍ണറുടെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും തീരുമാനം കാത്തിരിക്കുകയാണെന്നാണു കഴിഞ്ഞ ദിവസം മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാഗ്മ പറഞ്ഞത്.

2015ലാണ് ഷണ്‍മുഖനാഥന്‍ മേഘാലയ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജ് കൗവയെ മാറ്റിയശേഷം അവിടത്തെ ചുമതലയും ഷണ്‍മുഖനാഥനായിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച ഷണ്‍മുഖനാഥന്‍ രാജ്ഭവനിലെത്തുന്ന വനിതകളെയെല്ലാം മക്കളും പേരക്കുട്ടികളുമായാണ് കാണുന്നതെന്നാണു പറഞ്ഞത്. പലരും അഭിമുഖത്തിനെത്തിയെങ്കിലും ഒരാള്‍ക്കു മാത്രമേ ജോലി നല്‍കാന്‍ കഴിയൂ. ജോലി ലഭിക്കാതെ അസ്വസ്ഥരായവരാണ് തനിക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നുമാണ് ഷണ്‍മുഖനാഥന്‍റെ വാദം.

Related posts