ഇരിങ്ങാലക്കുട: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷണ്മുഖം കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. മഴക്കാലത്തു കനാലിൽ വെള്ളം ഉയർന്നതു മൂലമുള്ള വെള്ളക്കെട്ടാണു നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ കാരണം. കാലവർഷം കഴിഞ്ഞ് വെള്ളം താഴ്ന്നതിനു ശേഷമേ ഇനി പണി പൂർണമായും പുനരാരംഭിക്കുവാൻ സാധിക്കൂ. കനാൽ സംരക്ഷണത്തിന്റെ ഭാഗമായി കനാലിന്റെ ആഴം വർധിപ്പിച്ച് ഇരു വശങ്ങളിലും കരിങ്കൽഭിത്തി കെട്ടുന്ന പണിയാണു നടന്നുകൊണ്ടിരുന്നത്.
മഴയില്ലാത്ത സമയങ്ങളിൽ കനാലിലെ ചെളി വാരി നീക്കം ചെയ്യുന്നുണ്ടെങ്കിലും വെള്ളത്തിന്റെ സമ്മർദം മൂലം കരിങ്കൽഭിത്തി തകരുമോ എന്നുള്ളതും പരിശോധിക്കുന്നുണ്ട്. ഒന്നാംഘട്ടം കഴിഞ്ഞ് പത്തുവർഷത്തിനു ശേഷമാണു രണ്ടാംഘട്ടം തുടങ്ങിയത്. പടിഞ്ഞാറ് കനോലി കനാലിൽനിന്നും ആരംഭിച്ച് ഇരിങ്ങാലക്കുട മാർക്കറ്റിനു സമീപം അവസാനിക്കുന്ന ഈ കനാൽ ഏറെ പ്രധാന്യമുള്ളതാണ്.
കേന്ദ്ര സർക്കാരിന്റെ 12-ാം ധനകാര്യ കമ്മീഷന്റെ സഹായത്തോടെ ഉൾനാടൻ ജലഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴുകോടി രൂപയാണു ഇതിനുവേണ്ടി ഉൾക്കൊള്ളിച്ചിരുന്നത്. 2008 ഫെബ്രുവരി മൂന്നിനു സംസ്ഥാന ജലവിഭവ മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ പദ്ധതിയുടെ ഒന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. 4935 മീറ്റർ നീളമുള്ള ഈ കനാൽ ദേശീയ ജലപാതയുടെ ഫീഡർ കനാലായി അംഗീകരിച്ചിട്ടുള്ളതാണ്.
ഒന്നാംഘട്ടത്തിൽ 1400 മീറ്റർ നീളത്തിൽ ആഴം വർധിപ്പിക്കാനും ഇരു കരകളും കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനുമാണ് പദ്ധതിവിഹിതം അനുവദിച്ചിരുന്നത്. എന്നാൽ ഈ പദ്ധതിയുടെ ഒന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ഭാഗികമായിട്ടാണു പൂർത്തീകരിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരത്തിന്റെ തെക്കേ അതിർത്തിയിൽ നിന്നാരംഭിച്ച് പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലുടെ കടന്നുപോകുന്ന ഷണ്മുഖം കനാലിനു ആറു കിലോമീറ്റർ ദൂരമുണ്ട്.
പടിഞ്ഞാറേ അറ്റമായ മുനയം പുളിക്കെട്ട് മുതൽ എടതിരിഞ്ഞി ഷണ്മുഖം കനാൽ പാലത്തിനു നൂറുമീറ്റർ അടുത്തുവരെയാണു ഒന്നാം ഘട്ടത്തിൽ നവീകരിച്ചത്. പൂമംഗലം പഞ്ചായത്ത് പ്രദേശത്തും കുറച്ചുഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചിട്ടുണ്ടെങ്കിലും പണി പൂർത്തീകരിച്ചിരുന്നില്ല. എന്നാൽ രണ്ടു വർഷത്തോളം നീണ്ടുനിൽക്കുന്ന രണ്ടാംഘട്ട പ്രവർത്തിയാണു മൂന്നുമാസം മുന്പ് പുനരാരംഭിച്ചത്.
മുന്നു കിലോമീറ്ററോളം പണി പൂർത്തീകരിച്ച് കെഎൽഡിസി കനാലിൽനിന്ന് വെള്ളമെത്തിച്ചാൽ ഷണ്മുഖം കനാലിന്റെ ജലലഭ്യത ഉറപ്പുവരുത്താൻ സാധിക്കും. കനാലിന്റെ പുനർനിർമാണം പൂർത്തീകരിക്കുന്നതോടെ പടിയൂർ-പൂമംഗലം പഞ്ചായത്തുകളിലെ കാർഷിക മേഖലയ്ക്ക് ഉണർവ് ലഭിക്കും. കൂടാതെ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനു ഒരു പരിധിവരെ പരിഹാരമാകും. എന്നാൽ കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ പോകുന്നതിൽ നാട്ടുകാരിൽ അമർഷമുണ്ട്.