കിഴക്കമ്പലം: മദ്യ ലഹരിയില്‍ അയൽവാസിയെ കുത്തിക്കൊന്ന പ്രതിയെ കണ്ടെത്താനായില്ല. വിവിധ സോഷ്യല്‍ മീഡിയ വഴി പ്രതിയുടെ ചിത്രങ്ങള്‍ സഹിതം പ്രചരിപ്പിച്ചും പ്രതിയെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. ഇന്നലെ രാത്രി ഒൻപതോടെയാണ് മദ്യപിച്ച ശേഷമുണ്ടായ വാക്കുതര്‍ക്കത്തില്‍ കുത്തേറ്റ കരിമുഗള്‍ പീച്ചിങ്ങചിറ നാല് സെന്റ് കോളനിയില്‍ വെള്ളിമനക്കുഴി കരോട്ട് വീട്ടില്‍ സുരേഷ് (ബടാ ഭായ്-32) മരിച്ചത്.
സമീപവാസിയായ ഷണ്മുഖന് എന്നയാളുമായി ചേര്‍ന്ന് മദ്യപിച്ച ശേഷം ഉണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കുത്തേറ്റയുടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുത്തിയ ശേഷം ഒളിവില്‍പോയ അയല്‍വാസി വേളൂര്‍ വടക്കനോടി വീട്ടില്‍ ഷണ്മുഖനെ (45) കണ്ടെത്താന്‍ അമ്പലമേട് പോലീസ് രാത്രി തന്നെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെയും പരിശോധന തുടരുകയാണ്.
ഷണ്മുഖന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയുള്ള അന്വേഷണവും സാധ്യമായിട്ടില്ല.