എടപ്പാൾ: ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയായ യുവാവിനെ പൊന്നാനി പോലീസ് ഓടിച്ചിട്ട് പിടികൂടി. വളാഞ്ചേരി ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപ്(31)നെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. വളാഞ്ചേരിയിലെ വീട്ടിലെത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ നേരത്തെ മൽപിടുത്തത്തിനിടയിലാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.
പിടിയിലാവുന്പോൾ ഇയാൾ വീര്യം കൂടിയ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. വളഞ്ചേരി സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട പ്രതി സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടാഴ്ച മുന്പ് എടപ്പാളിലും പരിസര പ്രദേശങ്ങളിലുമായി നാലു യുവതികളുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയും ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയും ചെയ്ത കേസിലാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായിരുന്ന വളാഞ്ചേരി പൂക്കാട്ടിരി മൂച്ചിക്കൽ സ്വദേശി ആലുങ്ങൽ ഷംസു എന്ന മോനുവി(19)നെ കഴിഞ്ഞ ആഴ്ചയിൽ തന്നെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിൽ ആണ്.
തിരൂർ ഡിവൈഎസ്പി പി.എ.സുരേഷ്ബാബുവിന്റെ നിർദേശപ്രകാരം പൊന്നാനി സിഐ സണ്ണി ചാക്കോയുടെ തേതൃത്വത്തിൽ എസ്ഐ ദിനേഷ് കുമാർ, സിപിഒമാരായ ഷൈൻ ഉണ്ണികൃഷ്ണൻ, വിനീത്, ശ്യാം, വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് പൊന്നാനി പൊന്നാനി കോടതിയിൽ ഹാജരാക്കും.