ജക്കാർത്ത: അർജന്റീനയുടെ ലയണൽ മെസിയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും അഞ്ചുതവണ ലോക ഫുട്ബോളർ പദവി നേടിയിരിക്കാം. എന്നാൽ, അവർക്ക് ഇതുവരെ സാധിക്കാത്ത ഒന്ന് ചൈനയുടെ ഷാൻഷൻ വാങ് എന്ന വനിതാ താരം മൈതാനത്ത് നടപ്പാക്കി. 29 മിനിറ്റിനുള്ളിൽ എതിരാളികളുടെ വലയിൽ വാങ് നിക്ഷേപിച്ചത് ഒന്പത് ഗോളുകൾ. അതും പകരക്കാരിയായി മൈതാനത്ത് എത്തിയായിരുന്നു വാങിന്റെ ഈ ഗോളടി മേളം.
ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബി മത്സരത്തിൽ തജിക്കിസ്ഥാനെതിരായ മത്സരത്തിലാണ് വാങിന്റെ ഗോളടിമേളം അരങ്ങേറിയത്. മത്സരത്തിൽ ചൈന 16-0ന് ജയിച്ചു. 64, 73, 81, 83, 87, 88, 90+1, 90+2, 90+3 മിനിറ്റുകളിലായിരുന്നു വാങ് എതിർവല കുലുക്കിയത്. ഗ്രൂപ്പ് ബിയിൽ മൂന്ന് വിജയവുമായി ചൈന നോക്കൗട്ട് ഉറപ്പിച്ചു.