“കഴിഞ്ഞ എട്ടു വർഷമായി ഞങ്ങൾ കടന്നുപോയ ദുരിതങ്ങളെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്തായാലും ഇത്രനാളുകൾക്കു ശേഷവും സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ പോയാലും അവൾ ആർക്കും ഒരു ഭാരമാവില്ല. അവളെ നോക്കാൻ ആരെങ്കിലും ഉണ്ടാകും.’
വിധിയറിഞ്ഞ സന്തോഷത്തിൽ എഴുപതുകാരനായ അച്ഛൻ വിതുന്പി. “അവൾക്ക് സംസാരിക്കാനാവില്ല. കണ്ണുകൊണ്ടാണ് അവളുടെ ആവശ്യങ്ങൾ ഞങ്ങളെ അറിയിക്കുന്നത്. ആ ഭാഷ ഞങ്ങൾക്കു മാത്രമേ മനസിലാകുകയുള്ളൂ. ‘ ഷാന്റലിന്റെ അമ്മ ഡെബോറ തുടർന്നു. ” കോടതി വിധിയിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആംബുലൻസിൽ വച്ചുതന്നെ കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ അവൾ ഇന്നു സന്തോഷത്തോടെ ആടിപ്പാടി നടന്നേനേ.”
ആ ഒരു ഭക്ഷണം
ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മോഡൽ ആകണമെന്നതായിരുന്നു ഷാന്റൽ ജിയാകലോണിന്റെ സ്വപ്നം. സ്വപ്നം കാണുകമാത്രമല്ല, അതിനായി അവർ കഠിനമായി അധ്വാനിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് 2013ൽ ആ നിർഭാഗ്യകരമായ സംഭവം ഷാന്റലിന്റെ ജീവിതത്തിലുണ്ടാകുന്നത്.
ലാസ് വെഗാസ് കണ്ടവെൻഷനിൽ പങ്കെടുക്കുകയായിരുന്നു ഷാന്റൽ. വിരുന്നിനിടെ പീനട്ട് ബട്ടർ കലർന്ന ഒരു പ്രറ്റ്സൽ (ബിസ്ക്കറ്റ് പോലത്തെ ഭക്ഷ്യവസ്തു) ഷാന്റൽ കഴിച്ചു. കഴിച്ച് അധികം വൈകാതെ ഷാന്റൽ കുഴഞ്ഞു വീണു. എന്താണവൾക്ക് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല.
ഒപ്പമുണ്ടായിരുന്നവർ പെട്ടെന്നുതന്നെ ആംബുലൻസ് വിളിച്ചു. മെഡിക് വെസ്റ്റ് ആശുപത്രിയുടെ ആംബുലൻസിൽ ഷാന്റലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ആശുപത്രിയിൽ എത്തുന്പോഴേക്കും ഷാന്റലിന്റെ അവസ്ഥ വളരെ മോശമായിരുന്നു.
തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് ഷാന്റലിനെ തളർത്തിയതെന്ന് അവരെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു.
അലർജി തന്നെ
ആംബുലൻസിൽ വച്ച് നൽകേണ്ട പ്രാഥമിക ശുശ്രൂഷ കൃത്യമായി നൽകാത്തതാണ് തങ്ങളുടെ മകളുടെ ജീവിതം നശിപ്പിച്ചതെന്ന് ഷാന്റലിന്റെ അച്ഛൻ ജാക്കും അമ്മ ഡെബോറയും വാദിച്ചു. പീനട്ടിനോട് അലർജിയുണ്ടായിരുന്നതാണ് ഷാന്റലിന്റെ ശരീരം ആ വിധത്തിൽ പ്രതികരിക്കാൻ കാരണമായതെന്നു പറയുന്നു.
എന്നാൽ, എന്തുകൊണ്ട് അലർജികൊണ്ട് ഉണ്ടാകുന്ന അപകടാവസ്ഥയിൽ നൽകേണ്ട ഇൻജക്ഷൻ ആംബുലൻസിൽ വച്ചുതന്നെ നൽകിയില്ല എന്നാണ് അവർ ചോദിക്കുന്നത്.മെഡിക് വെസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കൊണ്ടു മാത്രമാണ് ഒരു പെൺകുട്ടിയുടെ ജീവിതം കിടക്കയിൽ ആയിപ്പോയതെന്ന് ഷാന്റലിന്റെ കുടുംബത്തിനായി അഭിഭാഷകനായ ക്രിസ്റ്റ്യൻ മോറിസ് വാദിച്ചു
“ആംബുലൻസിൽ അലർജിക്കു നൽകേണ്ട മരുന്നുണ്ടാകണം എന്നത് നിയമമാണ്. മെഡിക് വെസ്റ്റിന് അക്കാര്യം അറിയാതെ പോയത് എന്തുകൊണ്ടെന്നു മനസിലാകുന്നില്ല. രോഗികളുടെ ആരോഗ്യത്തേക്കാളേറെ പണത്തിനു പ്രാധാന്യം നൽകിയ ഒരു ആശുപത്രിയുടെ അത്യാർത്തിയുടെ ഇരകൂടിയാണ് ഷാന്റൽ’ മോറിസ് പറഞ്ഞു.
മൂന്നു കോടി ഡോളർ
എന്നാൽ, തങ്ങളുടെ ചികിത്സയിലായിരുന്നപ്പോൾ ഒരിക്കൽപോലും ഷാന്റലിന് ബോധം നഷ്ടപ്പെട്ടില്ലെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും മെഡിക് വെസ്റ്റ് പറഞ്ഞു. ഷാന്റലിന് പീനട്ടുകളോടുള്ള അലർജിയുടെ തോത് വളരെ കൂടുതലായിരുന്നുവെന്നും അതാണ് അവരുടെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിച്ചതെന്നും മെഡിക് വെസ്റ്റിനു വേണ്ടി വില്ല്യം ഡ്രൂറി വാദിച്ചു.
എന്തൊക്കെതന്നെയായാലും മൂന്നാഴ്ച നീണ്ടു നിന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ മെഡിക് വെസ്റ്റിന്റെ ഭാഗത്തു നിന്നാണ് വീഴ്ചയുണ്ടായതെന്ന് ലാസ് വെഗാസ് കോടതി വിധിച്ചു. കുടുംബത്തിന് നഷ്ടപരിഹാരമായി മുപ്പതുമില്ല്യൺ ഡോളർ നൽകണമെന്നും കോടതി വിധിച്ചു.