വിഴിഞ്ഞം: വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് സൂക്ഷിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ വീട്ടമ്മയെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
മുല്ലൂർ ശാന്താസദനത്തിൽ ശാന്തകുമാരി (75) യുടെ മൃതദേഹമാണ് സമീപത്തെ വീടിന്റെ തട്ടിൻപുറത്ത് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാരിയുടെ അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്നു റഫീക്കാ ബീവി(50), മകൻ ഷഫീഖ്(23), സുഹൃത്ത് അൽ അമീൻ(26) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് വീടിന്റെ തട്ട് പൊളിച്ച് പോലീസ് മൃതദേഹം പുറത്തെടുത്തത്.
ഇന്നലെ രാവിലെ എട്ടിനും പത്തിനുമിടയ്ക്കാണ് ശാന്തകുമാരി കൊലചെയ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. തങ്ങൾ താമസം മാറുകയാണെന്ന് പറഞ്ഞ് പ്രതികൾ ശാന്തകുമാരിയെ വിളിച്ചു വരുത്തുകയായിരുന്നു.
ഇവരുടെ ശരീരത്തിലുണ്ടായിരുന്ന ഏഴു പവനോളം ആഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടി ശാന്തകുമാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
പിന്നീട് മൃതദേഹം തട്ടിൻപുറത്ത് ഒളിപ്പിക്കുകയായിരുന്നു. പട്ടാന്പിയിലേക്കു പോകുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
കൊലപാതകം നടന്ന വീടിന്റെ സമീപത്ത് പിഎസ്സി കോച്ചിംഗിനെത്തിയ വിദ്യാർഥിയാണ് വീടിന്റെ വാതിലിൽ താക്കോൽ ഇരിക്കുന്നത് കണ്ട് സംശയം പിരശോധിച്ചപ്പോൾ രക്തത്തുള്ളികൾ കണ്ടു. ഇതോടെ സമീപവാസികളെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശാന്തകുമാരിയുടെ ഭർത്താവ് നാഗപ്പൻ 35 വർഷം മുന്പ് മരിച്ചുപോയി. സനൽകുമാർ, ശിവകല എന്നിവർ മക്കളാണ്.