പോത്തൻകോട് : പത്തു വർഷം മുൻപ് പോത്തൻകോട്ടു നിന്നും കാണാതായ വയോധികയെ മഹാരാഷ്ട്രയിൽ നിന്നും നാട്ടിലെത്തിച്ചു സാമൂഹ്യ പ്രവർത്തക സുലക്ഷണ . 2011 ജൂലൈ 20നാണ് ഞാണ്ടൂർക്കോണം കൊടിക്കുന്നിൽ തടത്തരികത്ത് വീട്ടിൽ ശാന്തകുമാരിയെ(59) വീട്ടിൽ നിന്ന് കാണാതായത്.
മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ശാന്തകുമാരി വീട് വിട്ട് അലഞ്ഞു തിരിഞ്ഞു ഒഡിഷയിലെത്തപ്പെടുകയുമായിരുന്നു .മാനസിക നില തെറ്റിയ ഇവരെ പിന്നീട് ഒഡിഷ തെരുവിൽ നിന്നും ആസിയ മിഷൻ എന്ന സംഘടനാ കണ്ടെത്തി.
തുടർന്ന് ശാന്തകുമാരിയെ മഹാരാഷ്ട്രയിലുള്ള ശ്രദ്ധ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി.കൃത്യമായ ചികിത്സ നൽകി ശാന്തകുമാരിയെ സാധാരണ ജീവിതത്തിലേയ്ക്ക് വരുകയുമായിരുന്നു.
തുടർന്ന് വിവരങ്ങൾ ചോദിച്ചറിയുകയും ശാന്തകുമാരിയെ പോത്തൻകോട്ടു നിന്ന് കാണാതാവുന്നതെന്ന് കണ്ടെത്തി. തുടർന്ന് സംഘടന ഭാരവാഹിയായ സുലക്ഷണ വ്യാഴാഴ്ച രാവിലെയോടെ ശാന്തകുമാരിയെ പോത്തൻകോട് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജാരാക്കിയ ശാന്തകുമാരിയെ സഹോദരൻ ജോർജിനും സഹോദരി സുശീലക്കുമൊപ്പം വീട്ടിലേക്ക് അയച്ചു.ഭർത്താവ് വർഷങ്ങൾക്കു മുൻപ് ഇവരെ ഉപേക്ഷിച്ചു പോകുകയും ഏക മകൾ പന്ത്രണ്ടു വർഷം മുൻപ് ട്രെയിനിൽ നിന്നു വീണു മരിക്കുകയും ചെയ്തിരുന്നു.
ശാന്തകുമാരിയെ നാട്ടിലെത്തിച്ച സുലക്ഷണയെ എസ്ഐ വിനോദ് വിക്രമാദിത്യന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ വച്ച് ഉപഹാരം നൽകി ആദരിച്ചു.