ആഗ്ര: സിബിഎസ്ഇ ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ (അണ്ടർ 19) തൊടുപുഴ മുട്ടം ഷന്താൾ ജ്യോതിക്ക് ചരിത്ര കിരീടം. ഫൈനലിൽ ആഗ്ര മിൽട്ടണ്‍ സ്കൂളിനെ 77-60നാണ് ഷന്താൾ ജ്യോതി കീഴടക്കിയത്.
കിരീടം സ്വന്തമാക്കുന്ന ആദ്യ കേരള സ്കൂൾ എന്ന ചരിത്ര നേട്ടം ഇതോടെ ഷന്താൾ ജ്യോതി സ്വന്തമാക്കി. ഫൈനലിൽ ഷന്താൾ ജ്യോതിക്കായി ഡൊമിനിക് ഡി. സാവിയോ 28ഉം ടോം ജോസ് 17ഉം ടോണി ബെന്നി, ജോർഡി എന്നിവർ 13 വീതവും പോയിന്റ് സ്വന്തമാക്കി.
ചണ്ഡിഗഡ് ഗുരു ഗോബിന്ദ് സ്കൂളിനെയാണ് ഷന്താൾ ജ്യോതിയുടെ ചുണക്കുട്ടികൾ സെമിയിൽ പരാജയപ്പെടുത്തിയത്. 73-62നായിരുന്നു ഷന്താൾ ജ്യോതിയുടെ വിജയം. ക്വാർട്ടറിൽ ബംഗളൂരു ശ്രീ കുമരൻ സ്കൂളിനെ കീഴടക്കിയായിരുന്നു സെമിയിൽ എത്തിയത്.