ജിബിൻ കുര്യൻ
കോട്ടയം: സമയം വൈകുന്നേരം നാലുമണി. ചായയും പലഹാരങ്ങളുമായുള്ള ശാന്തമ്മയുടെ ചായവള്ളം കവണാറ്റിൻകരയിലെ വീട്ടിൽ നിന്നു കൈത്തോടു വഴി കുമരകത്തെ കോക്കനട്ട് ലഗൂണ്‍ റിസോർട്ടിലെത്തി. ഇവിടെയെത്തിയിരിക്കുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്കു നല്ല ചൂടു ചായയും കാപ്പിയും പലഹാരവും നൽകുന്നതിനായാണ് ശാന്തമ്മ എത്തിയിരിക്കുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായിട്ടാണ് ശാന്തമ്മ സഞ്ചാരികൾക്ക് ഇവിടെ ചായയും പലഹാരവും നൽകുന്നത്.
പഴയ കാലത്ത് പാടശേഖരങ്ങളിലും കൊയ്ത്ത് മെതികളങ്ങളിലും കൊയ്ത്തിന്റെ സമയത്ത് ചായ വള്ളങ്ങൾ എത്തിച്ചിരുന്നു. കർഷക തൊഴിലാളികൾ ഇവരിൽ നിന്നു ചായയും പലഹാരങ്ങളും വാങ്ങി കഴിക്കുന്ന പതിവുണ്ടായിരുന്നു. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ഈ പഴമ പുനരാവിഷ്കരിച്ചിരിക്കുകയാണ് കുമരകത്ത്.
വൈകുന്നേരം നാലു മുതൽ ആറുവരെ ചായവളളം കോക്കനട്ട് ലഗൂണ്‍ റിസോർട്ടിലുണ്ടാകും. പഴമയെ പുനഃസൃഷ്ടിക്കുന്ന ഈ പ്രവർത്തനത്തിലൂടെ 65 കാരിയായ ശാന്തമ്മ എന്ന വീട്ടമ്മ ടൂറിസ്റ്റുകൾക്ക് പുതിയൊരനുഭവം സമ്മാനിക്കുന്നതിനൊപ്പം ജീവിക്കാനുള്ള വരുമാനവും നേടുന്നു. ചായക്കും കാപ്പിക്കുമൊപ്പം ഇലയട, കൊഴുക്കട്ട, പഴംപൊരി, വിവിധതരം ബജികൾ എന്നിവയും കരുതിയിട്ടുണ്ടാകും.
2014ലെ ടൂറിസം ദിനത്തിലാണ് ചായവള്ളത്തിന്റെ പ്രവർത്തനം തുടങ്ങുന്നത്. ഇന്നുവരെ വള്ളം മുടങ്ങിയിട്ടില്ല. റിസോർട്ടിനോടു ചേർന്ന് വർഷങ്ങൾക്കു മുന്‍പു ചായക്കട നടത്തിവരികയായിരുന്ന ശാന്തമ്മയെ ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചു. തുടർന്ന് ഹോട്ടൽ അധികൃതരുമായി ചർച്ച നടത്തിയാണ് റിസോർട്ടിൽ ചായ വള്ളം എന്ന പരിപാടിക്കു തുടക്കമിട്ടത്.
റിസോർട്ടിൽ നിന്നു ശാന്തമ്മയ്ക്ക് ശന്പളമാണ് നൽകുന്നത്. ഇതോടെ ശാന്തമ്മയുടെ വീട്ടിൽ ഒരു വരുമാനവുമായി. കവണാറ്റിൻകര ആറ്റുചിറയിൽ കേശവനാണ് ഭർത്താവ്. മൂന്നു മക്കളുണ്ട്.