ഇടുക്കി: ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് ഭൂമി കൈയേറിയിട്ടില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന് എൻഒസി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വര്‍ഗീസ് പ്രതികരിച്ചു.
റോഡ് വികസനത്തിന് വേണ്ടി പൊളിച്ച പാര്‍ട്ടി ഓഫീസ് പുനര്‍നിര്‍മിക്കുകയാണ് ചെയ്യുന്നത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വര്‍ഗീസ് പറഞ്ഞു.
സിപിഎം ഭൂമി കൈയേറിയെന്നത് രാഷ്ട്രീയമായ ആരോപണമാണ്. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ കൈയേറ്റം ന്യായീകരിക്കാനാണ് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത്. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന വില്ലേജില്‍ ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മാണമെന്നും കൈയേറ്റം നടന്നെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ സിപിഎം ഓഫീസിന് എന്‍ഒസി നിഷേധിച്ചത്. ഇതിനെതിരെയാണ് സിപിഎം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.