രാജകുമാരി (ഇടുക്കി): ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നടപടി തുടങ്ങി. ഫാം ഹൗസ് ജീവനക്കാരനായിരുന്ന പുത്തടി മുല്ലൂർ റിജോഷ് വധക്കേസിലെ പ്രതികളായ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസീം അബ്ദുൾ ഖാദർ , റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാനാണ് ശാന്തൻപാറ പോലീസിന്റെ നീക്കം.
മുംബൈയിലെ സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞ ഒൻപതിന് രണ്ടുവയസുകാരിയായ റിജോഷിന്റെ മകൾ ജൊവാനയെ വിഷം കൊടുത്ത്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന വസീമിന്റെ അറസ്റ്റ് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പനവേൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം വസീമും ലിജിയും ആത്മഹത്യക്ക് ശ്രമിച്ച പൻവേൽ സമീർ ഹോട്ടലിൽ അടുത്ത ദിവസം ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തും. വസീമിനൊപ്പം വിഷം കഴിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന റിജോഷിന്റെ ഭാര്യ ലിജിയെ കഴിഞ്ഞ ആഴ്ച്ച തന്നെ പൻവേൽ മജിസ്ട്രേറ്റ് കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തിരുന്നു.
ധർഷാദ്ബാദ് ജയിലിൽ കഴിയുന്ന ലിജിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കുന്നതിനായി പ്രൊഡക്ഷൻ വാറണ്ട് നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കുന്ന വസീമിനുവേണ്ടിയും അടുത്തയാഴ്ച്ച പ്രൊഡക്ഷൻ വാറണ്ട് വാങ്ങും. ഇടുക്കിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ മുംബൈയിൽ നിന്നും ശാന്തന്പാറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലക്കിടയാക്കിയ കാരണങ്ങളും രീതികളും കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന കാര്യത്തിലെല്ലാം ഇതിനു ശേഷമെ വ്യക്തത വരുകയുള്ളു.