തിരുവനന്തപുരം: വൈദ്യുതി ടവർ ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ശാന്തിവനം സംരക്ഷണ സമിതി വൈദ്യുതി മന്ത്രി എം.എം.മണിയുമായി നടത്തിയ ചർച്ച പരാജയം. നിലവിലെ പണികൾ നിർത്തിവയ്ക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്. ആശങ്കകൾ അറിയിക്കാൻ വൈകി. സമരസമിതി ഉന്നയിച്ച ആശങ്കകൾ പരിഗണിക്കാമെന്നും ചർച്ചയിൽ മന്ത്രി ഉറപ്പുനൽകി.
വൈദ്യുത ടവർ സ്ഥാപിക്കാനുള്ള കെഎസ്ഇബി നീക്കത്തിനെതിരെ സമരം ശക്തമാകുന്നതിനിടെയാണ് സർക്കാർ വിഷയത്തിൽ ഇടപെട്ടത്. സര്‍ക്കാര്‍ ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനഃപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നാണ് സംരക്ഷണ സമിതി ആവശ്യം. അല്ലാത്തപക്ഷം ജനകീയ സമരം കൂടുതല്‍ ശക്തമാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു.
ശാന്തിവനത്തിൽ വൈദ്യുത ടവർ സ്ഥാപിക്കാനുള്ള പൈലിംഗ് പരിപാടികൾ തുടങ്ങിയിരുന്നു. കെഎസ്ഇബി നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോടതി അലക്ഷ്യമാണെന്നാണ് സമര സമിതി ചൂണ്ടിക്കാണിക്കുന്നത്.