മല്ലപ്പള്ളി: വെണ്ണിക്കുളം കല്ലുപാലത്ത് തിങ്കളാഴ്ച രാവിലെ കാര്‍ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച പാസ്റ്ററുടെയും രണ്ട് പെണ്മക്കളുടെയും മൃതദേഹം ഇന്ന് സ്വദേശമായ ഇടുക്കി ചക്കുപള്ളം അണക്കരയില്‍ സംസ്കരിക്കും.
മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ മോര്‍ച്ചറിയില്‍ നിന്നു പുറത്തെടുത്ത് കുമ്പനാട്ടും റാന്നി പൂവന്മലയിലുമായി പൊതുദര്‍ശനത്തിനു വച്ചു.
തുടര്‍ന്ന് വൈകുന്നേരം അണക്കരയിലെത്തിച്ചു. ഇന്ന് 11ന് അണക്കര ചര്‍ച്ച ഓഫ് ഗോഡ് സെമിത്തേരിയില്‍ സംസ്കരിക്കും. കുമ്പനാട്ടും പൂവന്മലയിലുമായി നിരവധിയാളുകള്‍ ഇന്നലെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
ചക്കുപള്ളം വരയന്നൂര്‍ വീട്ടില്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ ചാണ്ടി മാത്യു (50) മക്കളായ ഫേബ വി. ചാണ്ടി(23), ബ്ലസി ചാണ്ടി(19) എന്നിവരാണ് തിങ്കളാഴ്ച കല്ലുപാലത്ത് അപകടത്തില്‍ മരിച്ചത്.
ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.
മഴ ശക്തമായതിനാല്‍ തോട്ടില്‍ വലിയ തോതില്‍ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. 20 മിനിറ്റിലേറെ നാട്ടുകാര്‍ നടത്തിയ തെരച്ചിലാണ് കാര്‍ വെള്ളത്തില്‍ മുങ്ങി നിലയില്‍ കണ്ടെത്തിയത്.
കാര്‍ സെന്‍ട്രല്‍ ലോക്ക് ആയതിനാല്‍ വെട്ടി പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. അഗ്നിശമന സേന എത്തിയാണ് കാര്‍ കരക്കെത്തിച്ചത്.
മാവേലിക്കരയില്‍ ഒഇടിയ്ക്ക് പഠിക്കുന്ന മകള്‍ ഫേബയെയും തിരുവല്ല വളഞ്ഞവട്ടത്തു ഡിഗ്രിക്കു പഠിക്കുന്ന ബ്ലസിയെയും കൊണ്ടുവിടുന്നതിനാണ് ചാണ്ടിയും മക്കളും രാവിലെ താമസസ്ഥലമായ പൂവന്മലയില് നിന്നു യാത്ര തിരിച്ചത്.
ഷാന്റി ഇനി ഒറ്റയ്ക്ക്
മല്ലപ്പള്ളി: പാസ്റ്ററുടെ സഭാശുശ്രൂഷയിലും കുടുംബ ജീവിതത്തിലും താങ്ങും തണലുമായി നിന്ന ഷാന്റി ഇനി ഒറ്റയ്ക്ക്.
ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്ററെന്ന നിലയില്‍ സേവനത്തിനായി നിയോഗിക്കപ്പെടുന്ന സ്ഥലങ്ങളിലെല്ലാം കുടുംബസമേതമാണ് ചാണ്ടി മാത്യു കഴിഞ്ഞിരുന്നത്.
ഇന്നലെ രാവിലെ മക്കളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കാറില്‍ പുറപ്പെടുമ്പോള്‍ മൂവരെയും യാത്ര അയച്ചത് ഭാര്യ ഷാന്റിയാണ്.
കട്ടപ്പന വള്ളക്കടവ് പുതുപ്പറമ്പില്‍ കുടുംബാംഗമാണ് ഷാന്റി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് ഷാന്റി അപകടവാര്‍ത്ത അറിയുന്നത്.
പൂവന്‍മലയിലെ ചര്‍ച്ച് ഓഫ് ഗോഡ് ഹാളിന്റെ മുകളിലത്തെ നിലയിലാണ് പാസ്റ്ററും കുടുംബവും കഴിഞ്ഞിരുന്നത്.
അയല്‍വാസിയായ ബ്ലസനാണ് അപകടവാര്‍ത്ത ഷാന്റിയെ അറിയിച്ചത്. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തുന്നതുവരെ ഭര്‍ത്താവും മക്കളും മരിച്ചെന്ന് ഷാന്റി അറിഞ്ഞിരുന്നില്ല.
എന്നാല്‍ മോര്‍ച്ചറിക്കു സമീപത്തേക്കു പോകുമ്പോള്‍ ഒരാളെങ്കിലും ജീവിച്ചിരിപ്പുണ്ടോയെന്നായിരുന്നു ഷാന്റിക്ക് അറിയേണ്ടത്.
രണ്ട് മൃതദേഹങ്ങള്‍ ഒന്നിച്ചു കണ്ടതോടെ അവര്‍ തളര്‍ന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് ആശ്വസിപ്പിക്കാനായില്ല.
ഭര്‍ത്താവും രണ്ട് പെണ്കുഞ്ഞുങ്ങളും ഒരേപോലെ വേര്‍പെട്ടതിന്റെ ദുഃഖം താങ്ങാനാകാതെ ആ അമ്മ മനസ് തേങ്ങി.
അവര്‍ക്കൊപ്പം രാവിലെ താനും കൂടി പോയാല്‍ മതിയായിരുന്നുവെന്ന് പറഞ്ഞു വിലപിക്കുകയാണ് ഷാന്റി.