ന്യൂഡൽഹി: മെഡിക്കൽ ഓക്സിജന്റെ രൂക്ഷമായ ക്ഷാമവും ആശുപത്രി കിടക്കകളുടെ അഭാവവും ഡൽഹിയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ എത്തിച്ചിരിക്കുന്നത് സ്ഫോടനാത്മക സ്ഥിതിയിൽ.
ഡൽഹിയിലെ ശാന്തി മുകുന്ത് ആശുപത്രിയിലെ സിഇഒ ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരിഞ്ഞു. ഓക്സിജൻ തീർന്നുവെന്നും തന്റെ രോഗികൾ മരണാസന്നരായെന്നും പറഞ്ഞാണ് ആശുപത്രി സിഇഒ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞത്.
രോഗികളെയുമായി ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് ഒാടുന്നവരുടെ എണ്ണം പെരുകിയിരിക്കുകയാണ്.
മൂന്ന് ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ശേഷമാണ് കോവിഡ് ബാധിച്ച ഭാര്യയെ ബൈക്കിൽ ഇരുത്തി ഇന്നലെ അസ്ലം ഖാൻ എന്ന യുവാവ് എൽഎൻജെപി ആശുപത്രിയിൽ എത്തിയതു ദാരുണ കാഴ്ചയായി.
എന്നാൽ, കിടക്കകൾ എല്ലാം തന്നെ രോഗികളെ കൊണ്ടു നിറഞ്ഞതിനാൽ അവിടെയും പ്രവേശനം സാധ്യമല്ലായിരുന്നു. ഡൽഹിയിൽ കോവിഡ് ചികിത്സ നൽകുന്ന ഏറ്റവും വലിയ എൽഎൻജെപി ആശുപത്രിയിലാണ് ഈ സ്ഥിതി.
അടിയന്തര ചികിത്സ ആവശ്യമുള്ള നൂറു കണക്കിന് രോഗികളുമായി വന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ മുന്നോട്ടു നീങ്ങാനാകാതെ മണിക്കൂറുകളോളം ഇന്നലെ ഡൽഹി ലോക് നായക് ജയ് പ്രകാശ് ആശുപത്രിക്കു മുന്നിൽ കിടന്നത്.
ഡൽഹിയിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ചികിത്സ ലഭ്യമാകാതെ കടുത്ത പ്രതിസന്ധിയിലാണ്. മാധ്യമപ്രവർത്തകരടക്കം നിരവധി പേർ കോവിഡ് ബാധിച്ചു ചികിത്സയിലും നിരീക്ഷണത്തിലുമാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് ചികിത്സയ്ക്കായി ആംബുലൻസ് സേവനം ആവശ്യപ്പെട്ട് പ്രതിദിനം 2500 ഫോണ്‍കോളുകളാണ് ഡൽഹിയിലെ സർവീസ് സെന്ററുകളിൽ മാത്രം എത്തുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം സർക്കാർ ആംബുലൻസ് സർവീസുകളുടെ സേവനം തേടിയെത്തിയത് മാത്രം 17,924 ഫോണ്‍കോളുകളാണ്. സ്വകാര്യ ആംബുലൻസ് സർവീസുകളുടെ കണക്ക് ഇതിനു പുറമെ.
ഓക്സിജൻ ക്ഷാമത്തിന്റെ പേരിൽ ഡൽഹി സർക്കാർ വിവാദങ്ങൾ ഉണ്ടാക്കരുതെന്നു കേന്ദ്ര സർക്കാർ ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രികളും കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്നാൽ, ഡൽഹിയിലേക്ക് ഓക്സിജൻ എത്തിക്കാനായി അനുവദിച്ചിരിക്കുന്ന പ്ലാന്റുകൾ തലസ്ഥാന നഗരിയിൽനിന്ന് ഏറെ ദൂരെയാണെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.