കണ്ണൂർ: കെവിൻ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും പോലീസ് പിടിയിലായി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ പോലീസ് കണ്ണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് തന്നെ കോട്ടയത്തേക്ക് കൊണ്ടുവരും. ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു പോലീസ് അറസ്റ്റ്.
കെവിനെ കോട്ടയം മാങ്ങാനത്തെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത് ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഞായറാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പുനലൂരിന് സമീപം ചാലിയക്കര തോട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
എങ്ങനെയാണ് കെവിൻ മരിച്ചതെന്ന് ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കാൻ മുഖ്യപ്രതികളുടെ അറസ്റ്റ് സഹായകമാകും. കോട്ടയത്ത് എത്തിച്ചിട്ടാവും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുക.