ചങ്ങനാശേരി: ചങ്ങനാശേരി ടൗണിലെ ഓട്ടോറിക്ഷയിൽ മറന്നുവച്ച പണവും സ്വർണാഭരണങ്ങളും യാത്രക്കാരിയായ വീട്ടമ്മയ്ക്കു തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഓട്ടോഡ്രൈവർ ഷാനു ഖാൻ. മുനിസിപ്പൽ ആർക്കേഡിനു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കുരിശുംമൂട് ഡിവൈൻ നഗർ അതിരന്പുഴ തെക്കേടത്ത് വീട്ടിൽ ഓമന(60)യുടെ 13,000 രൂപയും നാലു ലക്ഷത്തോളം വില വരുന്ന 10 പവൻ സ്വർണവും അടങ്ങുന്ന ഹാൻഡ് ബാഗാണ് ഇദ്ദേഹം തിരികെ നൽകിയത്.
സ്വകാര്യ ബസിൽ നഗരത്തിലെത്തിയ ഓമന ഷാനുവിന്റെ ഓട്ടോറിക്ഷയിൽ കയറുകയും സംഗീത ടെക്സ്റ്റൈൽസിനു സമീപം ഇറങ്ങുകയും ചെയ്തു. ഷാനു തിരികെ വന്ന് സ്റ്റാൻഡിൽ അടുത്ത ഓട്ടത്തിനായി പാർക്ക് ചെയ്തു. പിന്നീട് യാത്രയ്ക്കായി കയറിയ സ്ത്രീയാണ് ഓട്ടോറിക്ഷയുടെ സീറ്റിനു താഴെ ഹാൻഡ്ബാഗ്് കിടക്കുന്ന കാര്യം ഷാനുവിനെ അറിയിച്ചത്.
ഹാൻഡ്ബാഗ് വാങ്ങി വണ്ടിയിൽ വച്ച് യാത്രക്കാരിയെ നിശ്ചിത സ്ഥലത്ത് ഇറക്കിയ ശേഷം ബാഗ് തുറന്ന് നോക്കിയപ്പോൾ സ്വർണ്ണവും പണവും കണ്ടെത്തിയത്. തുടർന്ന് ഷാനു ബാഗ് ചങ്ങനാശേരി പോലീസ് സ്റ്റേഷനു കൈമാറുകയായിരുന്നു. പോലീസ് പരിശോധന നടത്തിയപ്പോഴാണ് ആഭരണങ്ങളും 13,000 രൂപയും കണ്ടെത്തിയത്.
ചങ്ങനാശേരി സിഐ പ്രശാന്തിന്റെ നിർദേശത്തെ തുടർന്ന് വീട്ടമ്മയെ ഓട്ടോയിൽനിന്നും ഇറക്കിയ സ്ഥലത്ത് ഷാൻ അന്വേഷണം നടത്തിയപ്പോൾ സംഗീത ടെക്സൈറ്റൽസിനു സമീപത്തുനിന്നും ഓമനയെ കണ്ടെത്തി. ഷാൻ ഇവരെ വിവരം അറിയിക്കുകയും സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.
ബന്ധുവിന്റെ കുട്ടിയുടെ മാമ്മോദീസാ ചടങ്ങിന് നഗരത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു ഓമന. ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ ഓമന വിരലിൽ കിടന്ന മോതിരം പണയംവച്ച് സാധനങ്ങൾ വാങ്ങി.
സ്റ്റേഷനിൽ എത്തിച്ച ഓമനക്ക് സിഐ മുന്പാകെ ഷാനു പണവും സ്വർണവും കൈമാറി. ഓമനയും മക്കളും ഷാനുവിനെ അഭിന്ദിച്ചു. ഓമനയുടെ മക്കളുടെ നേതൃത്വത്തിൽ ഷിനു ഖാന് ആദരസൂചകമായി നഗരത്തിൽ ഫ്ളെക്സ് ബോർഡും സ്ഥാപിച്ചു.