കോട്ടയം മാന്നാനത്ത് കെവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഷാനു ചാക്കോ വലിയ തിരിച്ചടി. ദുബായില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം ഷാനുവിനെ പിരിച്ചുവിട്ടു. കൊലക്കേസില്‍ പ്രതിയാണെന്ന വാര്‍ത്ത യുഎഇയിലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കമ്പനി നടപടി എടുക്കുകയായിരുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം കരഞ്ഞു നിലവിളിച്ചു ഷാനു തന്നെ വിളിച്ചിരുന്നുവെന്നും കാര്യം പറഞ്ഞതോടെ ലീവ് അനുവദിക്കുകയായിരുന്നുവെന്നും മാനേജര്‍ വെളിപ്പെടുത്തി.
സഹോദരി മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്നും പിതാവിന് സുഖമില്ലെന്നും കാട്ടി എമര്‍ജന്‍സി ലീവിലാണ് ഷാനു കഴിഞ്ഞ ശനിയാഴ്ച രാവിലെ 5.10നുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്നത്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഷാനു ജാമ്യം ലഭിച്ച് ദുബായില്‍ തിരിച്ചെത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. ശനിയാഴ്ച ദയനീയമായി കരഞ്ഞുകൊണ്ടാണ് ഷാനു തന്നെ വിളിച്ച് ലീവ് ചോദിച്ചതെന്ന് കമ്പനിയുടെ മാനേജര്‍ പ്രതികരിച്ചു.
സഹോദരിയെ കാണാനില്ലെന്നും പിതാവ് ആശുപത്രിയിലാണെന്നുമാണ് അയാള്‍ പറഞ്ഞത്. അതിനാല്‍ അപ്പോള്‍ തന്നെ അവധിയും നല്കി. എന്നാല്‍ പിന്നീട് ടി.വിയില്‍ നിന്നാണ് ബാക്കി കാര്യങ്ങള്‍ അറിഞ്ഞത്. ഷാനുവിനെ നാല് വര്‍ഷമായി അറിയാം. ഇത്തരം ക്രൂരകൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും മാനേജര്‍ വ്യക്തമാക്കി.
അതേസമയം കെവിന് വധക്കേസില്‍ കോടതിയില്‍ പോലീസ് നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചില ഭാഗങ്ങള്‍ പ്രതികളെ സഹായിക്കുന്നതാണെന്ന് ആരോപണം. കെവിനെ പ്രതികള്‍ പുഴയിലേക്ക് ഓടിച്ചിറക്കിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മര്‍ദനമേറ്റ് അവശനായി കിടന്നയാള്‍ക്ക് എങ്ങനെയാണ് പുഴയിലേക്ക് ഓടാന്‍ സാധിക്കുക എന്ന ചോദ്യം ന്യായമായും ഉയരുന്നു. സ്വന്തമായി ഓടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അയാള്‍ക്ക് കാര്യമായി മര്‍ദനമേറ്റിട്ടില്ല എന്ന വാദം ഉയര്‍ത്തി പ്രതിഭാഗത്തിന് നേരിടാനാകും. അങ്ങനെയൊരു വാദം ഉയര്‍ന്നാല്‍ കേസ് ദുര്‍ബലമാവുകയും ചെയ്യും.
കെവിന് ഓടിപ്പോയി എന്ന മൊഴിയില്‍ പ്രതികള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ഇതിന്റെയര്‍ഥം കെവിന് കാര്യമായ പരിക്ക് ഇല്ലായിരുന്നു എന്നു തന്നെയാണ്. ഇപ്പോള്‍ പോലീസ് നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മരിക്കുമെന്ന ഉദേശത്തോടെ പുഴയിലേക്ക് ഓടിച്ചു വിട്ടുവെന്നും പുഴയില്‍ വീണ് വെള്ളം കുടിച്ചു മരിച്ചു എന്നുമാണുമുള്ളത്. സ്വന്തമായി ഓടിപ്പോകാന്‍ കഴിയുന്നയാള്‍ രക്ഷപ്പെട്ടുകാണുമെന്നു കരുതിയെന്നും മരിക്കണമെന്ന ഉദേശമില്ലായിരുന്നുവെന്നും പ്രതിഭാഗ വാദത്തിന് ശക്തി പകരുന്നതാണ് പോലീസിന്റെ റിപ്പോര്‍ട്ട്.