പറവൂര്‍: മകന്റെ ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം ഭര്‍തൃപിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി വീട്ടില്‍ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം സിനോജിന്റെ പിതാവ് സെബാസ്റ്റ്യനാണ് (66) തൂങ്ങിമരിച്ചത്.
ഇന്നലെ രാവിലെ 10.45നാണു സംഭവം. സെബാസ്റ്റ്യന്‍ കത്തികൊണ്ടു കഴുത്തറത്തപ്പോള് ഷാനു ചോരയില്‍ കുളിച്ച് സമീപത്തെ വീട്ടിലെത്തി. എന്നാല്‍ യാതൊന്നും സംസാരിക്കാനാകാതെ കുഴഞ്ഞുവീണു.
അബോധാവസ്ഥയിലായ ഷാനുവിനെ അയല്‍വാസികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റിയെങ്കിലും യാത്ര തുടങ്ങും മുമ്പുതന്നെ മരിച്ചു. പിന്നീട് അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വാതില്‍ പൊളിച്ച് വീടിനകത്തു കയറി നോക്കിയപ്പോഴാണു സെബാസ്റ്റ്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകം നടക്കുന്പോൾ വീട്ടില്‍ ഷാനുവും സെബാസ്റ്റ്യനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫാക്ടിൽ കരാര്‍ ജീവനക്കാരനായ സിനോജ് രാവിലെ ഏഴിന് ജോലിക്കും ഇവരുടെ അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിലും പോയിരുന്നു. സെബാസ്റ്റ്യന്റെ ഭാര്യ ജാന്‍സി രണ്ടു ദിവസം മുന്‍പ് മൂത്തമകന് സിജുവിന്റെ കോട്ടപ്പുറത്തെ വീട്ടിലേക്കും പോയി.
മഞ്ഞുമ്മല്‍ തച്ചങ്കേരി പരേതനായ ലാസറിന്റെയും മിനി പൊടുത്താസിന്റെയും ഏകമകളാണ് ഷാനു.മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.