കോട്ടയം: കെവിനെ കൊലപ്പെടുത്തണമെന്നു ഉദ്ദേശ്യമില്ലായിരുന്നുവെന്നും ഭീഷണിപ്പെടുത്തി ബന്ധത്തിൽനിന്നു പിൻതിരിപ്പിക്കുകയും നീനുവിനെ വിട്ടുകിട്ടുകയുമായിരുന്നു ലക്ഷ്യമെന്നും പ്രധാനപ്രതിയായ ഷാനുവിന്റെ മൊഴി. തട്ടിക്കൊണ്ടുപോയി തടവിൽവച്ചു വിലപേശുകയായിരുന്നു ലക്ഷ്യമെന്ന് പ്രധാനപ്രതിയുടെ കുറ്റസമ്മതമൊഴി. കെവിനെ കാണാനില്ലെന്നു കാണുന്പോൾ ബന്ധുക്കൾ എത്തുമെന്നും നീനുവിനെ തിരികെ വിട്ടുനൽകുമെന്നും പ്രതീക്ഷിച്ചിരുന്നതായും ഷാനു പോലീസിനോടു പറഞ്ഞു.
നീനുവിന്റെ ബന്ധത്തെപ്പറ്റി നേരത്തെ അറിയാമായിരുന്നു. താൻ ഗൾഫിലായിരുന്നപ്പോൾ ഇവിടത്തെ വിവരങ്ങൾ അമ്മ രഹ്ന അറിയിച്ചിരുന്നു. നീനു കെവിനുമായുള്ള അടുപ്പം തുടരുന്നതിൽ അമ്മയ്ക്കു താത്പര്യമില്ലായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
തട്ടിക്കൊണ്ടു പോയതിനിടെ കെവിൻ കാറിൽനിന്നിറങ്ങി ഓടിയെന്ന മൊഴിയാണു കസ്റ്റഡിയിലായ പ്രതികൾ പറഞ്ഞത്. അന്വേഷണസംഘം ഇതേരീതിയിലാണ് മുന്നോട്ടു പോകുന്നത്. കേസിൽ ഇനി ആറു പ്രതികളാണ് അറസ്റ്റിലാകാനുള്ളതെന്നും പോലീസ് പറയുന്നു. അറസ്റ്റിലായ മുഖ്യപ്രതി ഷാനു ചാക്കോയേയും പിതാവു ചാക്കോയെയും ഇന്നു കോടതിയിൽ ഹാജരാക്കും.
ഇന്നലെ കേസിലെ മൂന്നു പ്രതികൾകൂടി പോലീസിന്റെ പിടിയിലായി. ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ഇർഷാദ്, ഷെഫിൻ എന്നിവർ ഇന്നലെ ഉച്ചകഴിഞ്ഞു ഏറ്റുമാനൂർ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ പോലീസ് പിടികൂടി. മറ്റൊരു പ്രതിയും സംഘം സഞ്ചരിച്ചിരുന്ന ഐ 20 കാറിന്റെ ഉടമയുമായ ടിന്റോ ജെറോം പീരുമേട്ടിൽ ഉച്ചകഴിഞ്ഞും കീഴടങ്ങി.
ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത കൊല്ലം പത്തനാപുരം ഇടമണ് 34 തേക്കിൽകൂപ്പ് നിഷാന മൻസിലിൽ നിയാസ് മോൻ (ചിന്നു- 23), റിയാസ് മൻസിലിൽ ഇബ്രാഹിം റിയാസ് (26), താഴത്തുവീട്ടിൽ ഇഷാൻ (20) എന്നിവരെ ഇന്നു പോലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളെയെല്ലാം ഒന്നിച്ചിരുത്തി നാളെ ചോദ്യം ചെയ്യാനാണു പോലീസ് നീക്കം.
കഴിഞ്ഞ ദിവസം കണ്ണൂരിൽ കീഴടങ്ങിയ ഒന്നാം പ്രതി ഷാനുവിനെയും, അഞ്ചാം പ്രതി ചാക്കോയെയും ഇന്നലെ പുലർച്ചെ മൂന്നിനാണു ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പോലീസ് സ്റ്റേഷനിലും ഏറ്റുമാനൂരിലെ രഹസ്യകേന്ദ്രത്തിലും പ്രതികളെ പോലീസ് ചോദ്യം ചെയ്തു.