കോട്ടയം: യുവാവിനെ ഗുണ്ടാനേതാവ് തല്ലിക്കൊന്ന് പോലീസ് സ്റ്റേഷനു മുന്നിലിട്ട കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങളാണെന്നാണ് പോസ്റ്റ്മോര്‍ട്ടം – ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മൂന്ന് മണിക്കൂറോളം ഷാന്‍ മര്‍ദനം നേരിട്ടു. നഗ്നനാക്കിയാണ് മര്‍ദിച്ചത്. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തുകയും ചെയ്തിട്ടുണ്ട്. ഷാന്റെ ശരീരത്തിൽ മര്‍ദനത്തിന്റെ 38 അടയാളങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ഷാനെ മർദിച്ചത് കാപ്പിവടി കൊണ്ടാണെന്നാണ് പ്രതി ജോമോന് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഷാന്‍ മരിച്ചത് തലച്ചോറിലെ രക്തസ്രാവം മൂലമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോൻ ഞായറാഴ്ച രാത്രിയോടെയാണ് ഷാനിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിയത്. രാത്രി ഒന്നായിട്ടും മകൻ വീട്ടിലെത്താഞ്ഞതിനാൽ ഷാൻ ബാബുവിന്റെ അമ്മ രാത്രിതന്നെ പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തി.
എന്നാൽ പുലർച്ചയോടെ ഷാന്റെ മൃതദേഹവുമായി ജോമോൻ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഷാൻ ബാബുവിന്റെ മൃതദേഹം ചുമലിലേറ്റി വന്ന ജോമോൻ,’ഞാനൊരാളെ തീർത്തു എന്ന് അട്ടഹസിച്ചു. സ്റ്റേഷനിൽ അതിക്രമം കാട്ടി. ലഹരിയുടെ സ്വാധീനത്തിലായിരുന്നു ഇയാൾ.
ജോമോനെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം, ഷാൻ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. 2021 നവംബർ 19-നാണ് ജോമോനെ കാപ്പ ചുമത്തി ജില്ലാ പോലീസ് ചീഫ് ജില്ലയിൽ നിന്നും നാട് കടത്തിയത്. ഇതിനെതിരെ അപ്പീൽ നൽകി ഇളവു വാങ്ങി ജില്ലയിൽ എത്തിയാണ് ക്രൂരമായ കൊലപാതകം നടത്തിയിരിക്കുന്നത്.