സ്വന്തം ലേഖകൻ
തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻകണ്ടി ഷറഫുദ്ദീ (68) ന് ലൈംഗിക ശേഷിയില്ലെന്ന് റിപ്പോർട്ട് ചെയ്ത തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകി.
ഡിസ്ട്രിക്ട് ഗവ.പ്ലീഡർ ബി.പി. ശശീന്ദ്രൻ, ഗവ.പ്ലീഡർ ബീന കാളിയത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽത്ത് ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകിയത്.
പറയേണ്ടത് പറയാതെ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർക്കെതിരെ വകുപ്പ്തല നടപടിയും ക്രിമനൽ കുറ്റം ചുമത്തി കേസെടുക്കുന്നതും ഉൾപ്പെടെ പരിഗണിക്കാൻ ഉതകുന്ന തരത്തിലുള്ള റിപ്പോർട്ടാണ് ആരോഗ്യവകുപ്പിന് പ്രോസിക്യൂഷൻ അയച്ചിട്ടുള്ളതെന്നാണ് അറിയുന്നത്.
ജനറൽ ആശുപത്രിയിലെ ലൈംഗിക ക്ഷമത പരിശോധന റിപ്പോർട്ട് വിവാദമായതിനെ തുടർന്ന്
അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഷറാറ ഷറഫുവിന് ലൈംഗിക ശേഷിക്കുറവില്ലെന്ന് കണ്ടെത്തിയത്.കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് പരിശോധന നടന്നത്.
ഇതിന് പുറമെ സമ്പന്നനായ പ്രതിയെ രക്ഷിക്കാൻ ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കളികളെ കുറിച്ചും പ്രോസിക്യൂഷൻ ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകുമെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഉദ്യാഗസ്ഥനെ കോടതി ശാസിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് അഭിഭാഷകർക്കെതിരെ ഡിഎംഒ ഓഫീസിലെ ചിലർ ചില നീക്കങ്ങൾ നടത്തിയതായും റിപ്പോർട്ടുണ്ട്.
ജില്ലയിലെ ഒരു ബാർ അസോസിയേഷൻ അഭിഭാഷകരുടെ വാക്സിനേഷന് വേണ്ടി നൽകിയ അപേക്ഷ ഒരു മാസം ഡിഎംഒ ഓഫീസിൽ പൂഴ്ത്തിയതായാണ് ആരോപണമുയർന്നിട്ടുള്ളത്.
ഒടുവിൽ ജില്ലാ കളക്ടർ ഇടപെട്ടാണ് ഫയൽ പുറത്തെടുത്തതും കഴിഞ്ഞ ദിവസം അഭിഭാഷകർക്ക് വാക്സിൻ നൽകുകയും ചെയ്തത്.