ജോണ്സണ് വേങ്ങത്തടം
കൊച്ചി: എന്‍സിപി അഖിലേന്ത്യാ അധ്യക്ഷന്‍ ശരത് പവാര്‍ കേരളയാത്ര മാറ്റിവച്ചതു കേരള ഘടകത്തിലെ പ്രശ്നപരിഹാരം വൈകുന്നതിനു കാരണമാകുന്നു. 23നു കൊച്ചിയില്‍ എത്തുമെന്നറിയിച്ചിരുന്ന ശരത് പവാര്‍ സന്ദര്‍ശനം റദ്ദാക്കിയിരിക്കുകയാണ്.
ഇതോടെ എന്‍സിപി കേരള ഘടകത്തിലെ പ്രശ്നപരിഹാരം വൈകും. പാലാ സീറ്റില്‍ ആരംഭിച്ച തര്‍ക്കം എല്‍ഡിഎഫ് മുന്നണി വിടുന്ന നിലയിലേക്കു എത്തിച്ചേര്‍ന്നിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനും മാണി സി. കാപ്പനും അടക്കമുള്ള വിഭാഗം യുഡിഎഫിനോടു കൂടുതല്‍ അടുത്തു കൊണ്ടിരിക്കുകയാണ്.
ഇതിനു ചുക്കാന്‍ പിടിച്ചത് മുന്‍ എന്‍സിപിക്കാരനായ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ആണെന്നതും ശ്രദ്ധേയം. ഇദ്ദേഹം ടി.പി. പീതാംബരനും മാണി സി. കാപ്പനുമായി ചര്‍ച്ച നടത്തി. മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
ഇവര്‍ ഗ്രൂപ്പ് യോഗം ചേരുകയും എല്‍ഡിഎഫില്‍ ഉറച്ചുനില്ക്കാന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഗ്രൂപ്പ് യോഗത്തിനെതിരേയും പീതാംബരന് രംഗത്തു വന്നു. ശശീന്ദ്രനെ ചുറ്റിപ്പറ്റി ഇത്തരം ഗ്രൂപ്പുകളുണ്ടെന്നും പാര്‍ട്ടിയുടെ തീരുമാനമാണ് അന്തിമമെന്നുമാണ് അദേഹം വ്യക്തമാക്കിയത്.പാല സാറ്റിൽ വിട്ടുവീഴ്ചയില്ലാതെയാണ് മാണി സി. കാപ്പന് മുന്നോട്ടുപോകുന്നത്.
വഴിയേ പോകുന്നവര്‍ക്കു സീറ്റ് വിട്ടുനല്‍കാനാവില്ല. തോറ്റ സീറ്റ് എങ്ങനെ ചോദിക്കും. പാര്‍ട്ടി കുറേ നാളുകളായി മത്സരിച്ചുവരുന്ന പാലായും എലത്തൂരും കുട്ടനാടും കോട്ടയ്ക്കലും ഇത്തവണയും മത്സരിക്കണമെന്നാണ് നിലപാട്. എന്നാല്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് മുന്നണിയിലേക്കു കടന്നു വന്നിരിക്കുന്ന സാഹചര്യത്തില്‍ മാണി സി. കാപ്പനു മറ്റൊരു സീറ്റ് നല്‍കാനാണ് സിപിഎമ്മിന്റെ തീരുമാനം.
ഇതിനിടയില്‍ സിപിഎം കേന്ദ്രനേതാക്കളും പ്രശ്നപരിഹാരത്തിനായി ശരത് പവാറുമായി ബന്ധപ്പെടുന്നുണ്ട്. ശരത് പവാറിന്റെ വാക്കിലാണ് കേരളഘടകത്തിന്റെ തീരുമാനം. സീറ്റുകള്‍ നഷ്ടപ്പെടുത്തി മുന്നണിയില്‍ തുടരണമോ എന്ന കാര്യമാണ് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി ശരത് പവാര്‍ നടത്തുന്നത്.