പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.
തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാന പ്രശ്നം തുടങ്ങിയവയൊക്കെ ഉള്ളപ്പോള്‍ ആരുടെയെങ്കിലും വിദ്യാഭ്യാസ യോഗ്യത ഒരു രാഷ്ട്രീയ വിഷയമാണോയെന്ന് ശരദ് പവാര്‍ ചോദിച്ചു.
ഇതു സമയം കളയല്‍ മാത്രമാണെന്നും പവാര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച് പ്രതിപക്ഷ നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ശരദ് പവാറിന്റെ പ്രതികരണം.
വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന തകര്‍ച്ച പോലെയുള്ള നിര്‍ണായകമായ വിഷയങ്ങള്‍ ഉന്നയിക്കുകയാണ് നേതാക്കള്‍ ചെയ്യേണ്ടതെന്നു പവാര്‍ പറഞ്ഞു.
‘ഇപ്പോള്‍ ഒരാളുടെ ഡിഗ്രിയെക്കുറിച്ചാണ് ചോദ്യം ഉയരുന്നത്. ഇതൊക്കെ ഒരു രാഷ്ട്രീയ വിഷയമാണോ? മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വ്യാപകമാണ്. മഹാരാഷ്ട്രയില്‍ കൃഷിനാശത്തില്‍ കര്‍ഷകര്‍ നട്ടം തിരിയുന്നു. ഇത്തരം കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്.’ പവാര്‍ പറഞ്ഞു.
നേരത്തെ അദാനി വിഷയത്തിലും പ്രതിപക്ഷ നിലപാടിനു വിരുദ്ധമായി പവാര്‍ രംഗത്തുവന്നിരുന്നു.
അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷകപ്രശ്നങ്ങളും പോലെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അംബാനിയുടെയും അദാനിയുടെയുമൊക്കെ പേര് ഉപയോഗിക്കുകയാണ്. എന്നാല്‍ രാജ്യത്തിന് അവര്‍ നല്കിയ സംഭാവനകളും ഓര്‍ക്കണമെന്ന് പവാര്‍ പറഞ്ഞു.
വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങി പ്രതിപക്ഷം ഉയര്‍ത്തേണ്ട ഒരുപാടു വിഷയങ്ങള്‍ വേറെയുണ്ടെന്നും പവാര്‍ ചൂണ്ടിക്കാട്ടി.
അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണ്ടെന്ന് പവാര്‍ പറഞ്ഞു. സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സമിതി ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.
അത് വിശ്വസനീയവും പക്ഷപാതരഹിതവുമാണ്. ജെപിസിക്ക് ഒരു ഘടനയുണ്ട്. അതില്‍ 21 അംഗങ്ങള്‍ ഉണ്ടെങ്കില്‍ 15 പേരും സര്‍ക്കാര്‍ ഭാഗത്തുനിന്നാവും.
അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പക്ഷം പറയുന്നതായിരിക്കും ജെപിസി റിപ്പോര്‍ട്ട്. ജെപിസിയേക്കാള്‍ എന്തുകൊണ്ടും നല്ലത് സുപ്രീം കോടതി സമിതിയുടെ അന്വേഷണമാണെന്നും പവാര്‍ അഭിപ്രായപ്പെട്ടിരുന്നു.