അംബാനിയെയും അദാനിയെയും വിമര്‍ശിക്കുന്നതിനെതിരേ രംഗത്തുവന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് എതിരെ കോണ്‍ഗ്രസ്.
ശരദ് പവാര്‍ അത്യാഗ്രഹിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് അല്‍ക്കാ ലംബ രംഗത്തെത്തി. അദാനിക്കൊപ്പം ഇരിക്കുന്ന ശരദ് പവാറിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അല്‍ക്കയുടെ പരാമര്‍ശം.
‘ഭയപ്പെട്ട അത്യഗ്രഹികളായ ആളുകള്‍ ഇന്ന് അവരുടെ വ്യക്തി താത്പര്യങ്ങള്‍ കാരണം സ്വേച്ഛാധിപത്യ ശക്തിക്ക് സ്തുതി പാടുന്നു. രാഹുല്‍ ഗാന്ധി മാത്രമാണ് ജനങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്നത്.’ അല്‍ക്ക ട്വിറ്ററില്‍ കുറിച്ചു.
അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷകപ്രശ്നങ്ങളും പോലെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അംബാനിയുടെയും അദാനിയുടെയുമൊക്കെ പേര് ഉപയോഗിക്കുകയാണ്. എന്നാല്‍ രാജ്യത്തിന് അവര്‍ നല്കിയ സംഭാവനകളും ഓര്‍ക്കണമെന്ന് പവാര്‍ പറഞ്ഞു.
വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങി പ്രതിപക്ഷം ഉയര്‍ത്തേണ്ട ഒരുപാടു വിഷയങ്ങള്‍ വേറെയുണ്ടെന്നും പവാര്‍ ചൂണ്ടിക്കാട്ടി.
അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണ്ടെന്ന് പവാര്‍ പറഞ്ഞു. സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സമിതി ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.
അത് വിശ്വസനീയവും പക്ഷപാതരഹിതവുമാണ്. ജെപിസിക്ക് ഒരു ഘടനയുണ്ട്. അതില്‍ 21 അംഗങ്ങള്‍ ഉണ്ടെങ്കില്‍ 15 പേരും സര്‍ക്കാര്‍ ഭാഗത്തുനിന്നാവും.
അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പക്ഷം പറയുന്നതായിരിക്കും ജെപിസി റിപ്പോര്‍ട്ട്. ജെപിസിയേക്കാള്‍ എന്തുകൊണ്ടും നല്ലത് സുപ്രീം കോടതി സമിതിയുടെ അന്വേഷണമാണ്.
പ്രതിപക്ഷ ഐക്യവും ജെപിസി അന്വേഷണവും തമ്മില്‍ ബന്ധിപ്പിക്കേണ്ടെന്ന് പവാര്‍ പറഞ്ഞു. ഒരു വിദേശ കമ്പനിയുടെ റിപ്പോര്‍ട്ടിന് എന്തുമാത്രം പ്രസക്തിയുണ്ടെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ്.
ഹിന്‍ഡന്‍ബര്‍ഗിനെ തനിക്ക് അറിയില്ല. രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഒരു വിദേശ കമ്പനി പറയുന്നതില്‍ എന്തു പ്രസക്തിയുണ്ടെന്ന് ചിന്തിക്കണം. സുപ്രീം കോടതി സമിതിയുടെ അന്വേഷണം നടക്കട്ടെയെന്നും പവാര്‍ പറഞ്ഞു.