തലശേരി: തലശേരിയിൽ പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സംസ്ഥാന ബാലവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.
വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ൻ പ്രതിയായ കേസിലാണ് ബാലവകാശ കമ്മീഷൻ തിരുവനന്തപുരത്തെ ആസ്ഥാനത്ത് ഇന്ന് രാവിലെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പ്രതിയെ ആഢംബര കാറിൽ സ്റ്റേഷനിലേക്ക് കൊണ്ടു പോയതും അറസ്റ്റിലായ ശേഷം കുടുംബാംഗങ്ങൾക്കൊപ്പം ഏഴ് മണിക്കൂർ തലശേരി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിയാൻ അവസരമൊരുക്കിയതും പരിയാരം മെഡിക്കൽ കോളജിൽ അസുഖങ്ങൾ ഒന്നുമില്ലാതെ നാല് ദിവസം കിടത്തിയതും ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ.കെ.വി മനോജ് കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. ഇതോടെ പോക്സോ കേസിലെ പ്രതിക്ക് സുഖ ചികിത്സക്ക് കളമൊരുക്കിയവർക്കും കുരുക്കു വീഴുമെന്ന് നിയമ വിദഗ്ദർ പറഞ്ഞു.
ബാലവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. കെ.വി മനോജ് കുമാർ കഴിഞ്ഞ ദിവസം തലശേരിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
തലശേരി ഗവ. ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്ത ചെയർമാൻ അന്വേഷണ ഉദ്യോഗസ്ഥൻ, പോക്സോ കോടതിയിലെ ഗവ. പ്ലീഡർ അഡ്വ.ബീന കാളിയത്ത് എന്നിവരിൽ നിന്നും കേസിന്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
തുടർന്ന് ഇവരോടൊപ്പം പെൺകുട്ടിയെ സന്ദർശിച്ച കമ്മീഷൻ പെൺകുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
മാതൃ സഹോദരിയും ഭർത്താവും ചേർന്ന് ഷറാറ ബംഗ്ലാവിലെത്തിച്ച പെൺകുട്ടിയെ പ്രതി ഷറഫുദ്ദീൻ ആഢംബര കാറിൽ ബലമായി കയറ്റാൻ ശ്രമിക്കവെയാണ് പെൺകുട്ടി പ്രതിയിൽ നിന്നും അതി സാഹസികമായി രക്ഷപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സമാനമായ മറ്റ് നിരവധി ആരോപണങ്ങൾ പ്രതിക്കെതിരെ ഉയർന്ന സാഹചര്യത്തിൽ പോലീസ് അന്വഷണം കൂടുതൽ വ്യാപകമാക്കി.
പ്രതിയുടെ ഫോൺ കോൾ റെക്കോർഡ് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. തലശേരി എസിപി മൂസ വള്ളിക്കാടൻ സിഐ ടി.പി.സുരേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇതിനിടയിൽ ബാലവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരം ഇന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കും. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലുള്ള ഷറാറ ഷറഫുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കും.
ജില്ലാ ജഡ്ജ് മൃദുലയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഷറഫുദ്ദീനെ വ്യാഴാഴ്ച വൈകുന്നേരം 5.30 നാണ് കണ്ണൂർ സബ് ജയിലിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ മാർച്ച് 25 നാണ് ഷറാറ ഷറഫു പ്രതിയായ കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷറഫുദ്ദീൻ അറസ്റ്റിലായത്.