പുനലൂർ: ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറി അടിച്ച ഭാഗ്യവാനെ തേടിയുള്ള അന്വേഷണത്തിന് വിരാമമായി.
ചെങ്കോട്ട താലൂക്കിൽ പുതൂർ വില്ലേജിൽ പുളിയറ ഇരവിധർമപുരത്തെ ലോട്ടറി കച്ചവടക്കാരനായ 46 കാരൻ ഷറഫുദീനാണ് ആ ഭാഗ്യവാൻ. നാലുവർഷമായി ലോട്ടറി കച്ചവടം നടത്തി വരികയാണ് ഷറഫുദീൻ.
ഒൻപത് വർഷത്തോളം സൗദിയിൽ ജോലി ചെയ്തിട്ടും കൃത്യമായ ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ വന്നതോടെ അതുപേക്ഷിച്ചു നാട്ടിലെത്തുന്പോൾ ആകെയുണ്ടായിരുന്നത് 1500 രൂപ.
ആ തുക ഉപയോഗിച്ചാണ് ഷറഫുദീൻ ലോട്ടറി കച്ചവടം തുടങ്ങിയത്. 60,000, 50,000, 12000 എന്നിങ്ങനെ സമ്മാനങ്ങൾ നേരത്തെ കിട്ടിയിട്ടുണ്ട്.
എല്ലാദിവസവും ബൈക്കിൽ പുളിയറയിൽനിന്ന് ആര്യങ്കാവിലെത്തി വള്ളി ലോട്ടറി ഏജൻസിയിൽ നിന്നു ടിക്കറ്റ് എടുത്തു വിൽക്കുന്നതാണ് ഷറഫുദീന്റെ രീതി.
വൈകുന്നേരം തിരിച്ചു വീണ്ടും ചെങ്കോട്ടയ്ക്കു മടങ്ങും. പതിവുപോലെ ഞായറാഴ്ചയും തിരികെ പോകാൻ ആര്യങ്കാവിൽ എത്തിയപ്പോൾ ഭരണി ലോട്ടറി ഏജൻസിയിൽ നിന്ന് ആ ബംപർ ടിക്കറ്റ്എടുക്കുകയായിരുന്നു.
തമിഴ്നാട്ടിൽ ലോട്ടറി കച്ചവടത്തിന് നിരോധനം ആയതിനാൽ അവിടേക്ക് ലോട്ടറി കൊണ്ടുപോകാറില്ല. എന്നാൽ പോകുന്ന വഴിക്ക് ആരെങ്കിലും ചോദിച്ചാൽ കൊടുക്കാമെന്ന ചിന്തയോടെയാണ് ഈ ടിക്കറ്റ് എടുത്ത്.
എന്നാൽ,ആരും വാങ്ങിയില്ല. പനി പിടിച്ചതിനാൽ പിറ്റേന്ന് കച്ചവടത്തിന് എത്താനായില്ല. ആ ടിക്കറ്റിനാണ് ബംപ ർ അടിച്ചത്.
സമ്മാനാർഹമായ ടിക്കറ്റ് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം ട്രഷറിയിൽ നിക്ഷേപിച്ചു. ലോട്ടറി കച്ചവടം തുടരാനാണു ഷറഫുദീന്റെ ആഗ്രഹം. ഒരു വീട് നിർമിക്കണം.
ഭാര്യ നബീസ ഓയൂർ സ്വദേശിയാണ്. മകൻ പർവേസ് മുഷറഫ് പത്താം ക്ലാസ് വിദ്യാർഥി.