ഹിന്ദിയിൽ പക്ഷി എന്ന ചിത്രത്തിലും കന്നടത്തിൽ ഗരുഡ എന്ന ചിത്രത്തിലും ശക്തമായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ഷറഫുദ്ദീൻഷാ സിനിമയിലേക്ക് വീണ്ടും വരുന്നത്.
ഒപ്പം താൻ നിർമാതാവും നിർമ്മാണ പങ്കാളിയുമായ മൂന്നു ചിത്രങ്ങൾ പൂർത്തിയാക്കി പ്രദർശനത്തിന് എത്തിക്കുക എന്ന ലക്ഷ്യവുമുണ്ട് ഷായ്ക്ക്.
ഇംഗ്ലീഷ്, ഹിന്ദി, അറബി, തമിഴ്, കന്നട, മലയാളം, തെലുങ്ക് എന്നീ ഭാഷകൾ വശമുള്ളതുകൊണ്ട് ഏത് ഭാഷയിലും ഷറഫുദ്ദീൻഷായ്ക്ക് അഭിനയിക്കാമെന്ന ആത്മവിശ്വാസമുണ്ട്.
തെലുങ്കിൽ ഷാ വില്ലൻ വേഷങ്ങൾ ചെയ്ത സമന്തമാനി, നെക്സ്റ്റ്നുവേ എന്നീ ചിത്രങ്ങൾ പ്രദർശനത്തിന് എത്താനുണ്ട്. തമിഴ് സംവിധായകനായ ജെ. സുബു ഹിന്ദിയിൽ സംവിധാനം ചെയ്ത പക്ഷിയിൽ മേജർ വി.എൽ. ശർമ്മ എന്ന കഥാപാത്രത്തെയാണ് ഷാ അവതരിപ്പിക്കുന്നത്.
തമിഴിലെ ഒരു പ്രമുഖ ചാനലിൽ ഏഴു വർഷം നീണ്ടു നിന്ന കോലങ്ങൾ എന്ന പരന്പരയിൽ പത്മനാഭൻനായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഷായുടെ തുടക്കം. ദേവയാനിയും പൂർണ്ണിമയുമായിരുന്നു നായികമാർ.
തമിഴിയിൽ ഉച്ചഘട്ടം, കപ്പൽ, കണ്ടേൻ, ആവികുമാർ എന്നീ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്തു. ഷങ്കർ ആയിരുന്നു കപ്പലിന്റെ നിർമ്മാതാവ്. ബോഡിഗാർഡ്, സൂഫി പറഞ്ഞ കഥ, ചെറിയ കള്ളനും വലിയ പോലീസും, വീരപുത്രൻ, സാഗർ ഏലിയാസ് ജാക്കി, മാന്ത്രികൻ എന്നിവയാണ് ഷാ അഭിനയിച്ച മലയാള ചിത്രങ്ങൾ.
കോഴിക്കോട് മേരിക്കുന്നിലാണ് താമസം. ജീവിതം തേടിയുള്ള യാത്രയിൽ ദുബായിൽ എത്തി. ദുബായിലെ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ നേടി. ആയിടെയാണ് സംവിധായകൻ സിദ്ധിഖുമായി പരിചയപ്പെടുന്നതും ബോഡിഗാർഡിൽ അഭിനയിക്കുന്നതും.
ജോൺ സക്കറിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയിർസത്തം തമിഴ്നാട്ടിലെ പല ലൊക്കേഷനുകളിലുമായി ചിത്രീകരണം പൂർത്തിയാവുകയാണ്. അർഷാദാണ് സംവിധായകൻ. ഈ ചിത്രത്തിലും നിർമ്മാണ പങ്കാളിയാണെന്ന് ഷാ പറഞ്ഞു.
പൂർത്തിയാകാൻ അൽപം ബാക്കി നിൽക്കെ നിന്നുപോയ ചിത്രമാണ് പ്ലാറ്റ്ഫോം നന്പർ ഒന്ന്. ജാക്കി ഷെറഫ് നായകനായ ഈ ചിത്രത്തിൽ നായകനോട് ഒപ്പം കിടപിടിക്കുന്ന കഥാപാത്രമാണ് ഷായുടേത്. ഇദ്ദേഹം നിർമ്മാണ പങ്കാളിയുമാണ്.
അർഷാദ് മലയാളത്തിൽ സംവിധാനം ചെയ്ത മേഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നു. ഫെബ്രുവരി 12 ന് കന്നടത്തിൽ ഒരു ഗോവൻ റൗഡിയെ അവതരിപ്പിച്ച ഗരുഡ റിലീസാകുന്നതോടെ അഭിനയജീവിതത്തിന് വലിയ മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഷാ ഇപ്പോൾ.