തിരുവനന്തപുരം: അർബുദ രോഗബാധിതയായിരുന്ന സീരിയൽ നടി ശരണ്യ ശശി അന്തരിച്ചു. കോവിഡും ന്യൂമോണിയയും ബാധിച്ച ശരണ്യ കുറച്ചു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മേയ് 23-നാണ് താരം കോവിഡ് ബാധിതയായത്. പിന്നാലെ നില വഷളാവുകയായിരുന്നു. പിന്നീട് ഐസിയുവിലേക്കും വെന്റിലേറ്ററിലേക്കും മാറ്റി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
2012-ൽ തലച്ചോറിൽ ബാധിച്ച അർബുദത്തോട് പോരാടിയ ശരണ്യയുടെ ജീവിതം ഏവർക്കും മാതൃകയായിരുന്നു. നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും ജീവിതത്തെ പുഞ്ചിരിയോടെയാണ് ശരണ്യ നേരിട്ടിരുന്നത്.
നടി സീമ ജി. നായരുടെ നേതൃത്വത്തിലുള്ള സുഹൃത്തുക്കളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ശരണ്യയ്ക്ക് താങ്ങായിരുന്നത്. അടുത്തിടെ സുഹൃത്തുക്കൾ ചേർന്ന് തിരുവനന്തപുരത്ത് വീട് നിർമിച്ചു നൽകിയിരുന്നു.