കണ്ണൂര്‍: തന്റെ സ്‌നേഹം അവഗണിച്ച് തന്നെയും കുട്ടികളെയും തനിച്ചാക്കി ശരണ്യ പ്രാണന്‍ ത്യജിക്കുകയായിരുന്നെന്ന് ഭര്‍ത്താവും സിനിമാ സീരിയല്‍ സംവിധായകനുമായ ചെറുപുഴ സ്വദേശി രഞ്ജിത്ത് മൗക്കാട്. ചെറിയ തോതിലുള്ള വിഷാദരോഗത്തിന് അടിമയായിരുന്ന അവള്‍ പലപ്പോഴും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. മുന്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്നപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നിരവധി ദിവസമാണ് പരിയാരം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞത്. ആദ്യ വിവാഹത്തിലെ അസ്വസ്ഥതകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് വിവാഹമോചനം നേടിയപ്പോള്‍ രക്ഷക്കെത്തിയ ആളാണ് ഞാന്‍.തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രത്തില്‍ വെച്ച് നാട്ടുകാരുടെ മുമ്പാകെയായിരുന്നു ഒരു കുഞ്ഞുള്ള അവളെ ഞാന്‍ വിവാഹം കഴിച്ചത്. രഞ്ജിത്ത് പറയുന്നു.
ആദ്യ ഭര്‍ത്താവില്‍ അവള്‍ക്കുണ്ടായ കുഞ്ഞിനെ തുമ്പ എന്നും എനിക്ക് പിറന്ന കുഞ്ഞിനെ തുമ്പിയെന്നുമാണ് ഞാന്‍ വിളിക്കാറ്. രണ്ടു പേരുടേയും അച്ഛനായാണ് ഞാന്‍ അവരെ വളര്‍ത്തിയത്. ശരണ്യക്ക് എന്നോട് സ്‌നേഹക്കൂടുതലായിരുന്നു. സിനിമാ ഫീല്‍ഡിലുള്ള മറ്റേതെങ്കിലും സ്ത്രീയോ മറ്റൊ എന്നെ വിളിച്ചാല്‍ അവള്‍ പെട്ടെന്ന് ക്ഷോഭിക്കും. എപ്പോഴും അവളുടെ കൂടെ താന്‍ വേണമെന്നാണ് അവളുടെ ആഗ്രഹം. അതുകൊണ്ടു തന്നെ എന്റെ അച്ഛനോടും അമ്മയോടും അവള്‍ അടുക്കാറില്ല. അതുകൊണ്ടു തന്നെയാണ് അവളെ തിരുവനന്തപുരത്തുകൊണ്ട് വന്ന് പാര്‍പ്പിച്ചത്. സ്വന്തം അമ്മയുടെ ആത്മഹത്യ കണ്ടവനായ ഞാന്‍ ശരണ്യയോടു പെരുമാറുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു.
കുടുംബ ആവശ്യത്തിനു വേണ്ടി അവളുടെ സ്വര്‍ണം പണയം വെച്ചിരുന്നു. മരിക്കുന്ന ദിവസം പണയ സ്വര്‍ണം ഉടന്‍ തിരിച്ചെടുക്കണമെന്ന് അവള്‍ ആവശ്യപ്പെട്ടിരുന്നു. പത്ത് മണി കഴിഞ്ഞ് സ്വര്‍ണ്ണമെടുക്കാന്‍ തയ്യാറായി ഞാന്‍ വീട്ടില്‍ നിന്നും പുറത്ത് പോയി വരവേയാണ് അവള്‍ ആത്മഹത്യ ചെയ്തത്. എന്റെ ഫേസ്ബുക്കും വാട്‌സാപ്പുമെല്ലാം എത്രയോ കാലമായി അവള്‍ തന്നെയാണ് ഉപയോഗിക്കാറുള്ളത്. 28 കാരനായ ഞാന്‍ എന്റെ അതേ പ്രായമുള്ള ശരണ്യയെ സ്‌നേഹിച്ചു തന്നെയാണ് വിവാഹം ചെയ്തത്.
പലപ്പോഴും നിസാര കാര്യങ്ങളുടെ പേരില്‍ ആത്മഹത്യാ ഭീഷണി മുഴക്കാറുണ്ടായിരുന്നു. അപ്പോഴെല്ലാം മക്കളുടെ കാര്യം പറഞ്ഞാണ് അവളെ അനുനയിപ്പിച്ചിരുന്നത്. ഇപ്പോള്‍ തുമ്പ മോളെ അവളുടെ വീട്ടുകാര്‍ കൊണ്ടു പോയിരിക്കയാണ്. ഇതെന്നെ ഏറെ വിഷമിപ്പിക്കുകയാണ്. എനിക്കെതിരെ വന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ഞാനും ആത്മഹത്യയിലേക്ക് പോകേണ്ട അവസ്ഥയാണ് പുറത്ത് പ്രചരിക്കുന്നത്. രഞ്ജിത് മൗക്കാട് പറഞ്ഞു.
സിനിമാ-സീരിയല്‍ സഹസംവിധായകനായ രഞ്ജിത്ത് മൗക്കോടിന്റെ ദുര്‍നടപ്പാണ് ഭാര്യ ശരണ്യയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. ഇതിനിടയിലാണ് രഞ്ജിത്ത് വിശദീകരണവുമായി രംഗത്തെത്തിയത്. പുളിയറക്കോടം മൈലാടി അങ്കണ്‍വാടിക്ക് സമീപത്തെ വീട്ടില്‍വച്ച് ശരണ്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാവിലെ പത്തുമണിയോടെ ബാത്ത് റൂമില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൂങ്ങിയ നിലയില്‍ കണ്ടതോടെ രഞ്ജിത് താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തന്റെ മരണത്തെക്കുറിച്ച് സൂചന നല്‍കുന്ന കുറിപ്പ് ശരണ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് കുടുംബപ്രശ്‌നങ്ങളാണ് ശരണ്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നിഗമനത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഇതിനിടയ്ക്കാണ് സ്വന്തം ഭാഗം ന്യായീകരിച്ചുകൊണ്ട് രഞ്ജിത്ത് രംഗത്തെത്തിയത്.