അമ്മിഞ്ഞപ്പാലിനു പകരംവയ്ക്കാൻ മറ്റൊന്നുമില്ലെന്നത് സംശമില്ലാത്ത കാര്യമാണ്. എന്നാൽ, പല കാരണങ്ങൾ കൊണ്ട് ഈ ഭാഗ്യം നുകരാൻ കഴിയാത്ത കുഞ്ഞുങ്ങൾ നിരവധിയാണ്. ഇത്തരം കുഞ്ഞുങ്ങൾക്ക് സഹായമാവുകയാണ് ശരണ്യ ഗോവിന്ദരാജലു എന്ന 32കാരി. ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ ഇവർ കുറച്ചുമാസങ്ങളായി തന്റെ മുലപ്പാൽ ദാനം ചെയ്യുന്നു.
ആഴ്ചയിൽ അഞ്ചു ദിവസം 100 മുതൽ 150 മില്ലിലിറ്റർ വരെ മുലപ്പാൽ ശരണ്യ കുഞ്ഞുങ്ങൾക്കുവേണ്ടി ചെന്നൈയിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിക്കു നല്കുന്നുണ്ട്. തന്റെ ഭർത്താവ് രക്തം നൽകി മറ്റുള്ളവരെ സഹായിക്കുന്നതുപോലെ താൻ മുലപ്പാൽ നൽകി സഹായിക്കുന്നുവെന്നാണ് ശരണ്യ പറയുന്നത്. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒരു കാര്യമല്ലിത്. അതുകൊണ്ടുതന്നെ ചെയ്യാൻ കഴിയുന്നവരൊക്കെ മുലപ്പാൽ ദാനം ചെയ്യണമെന്നാണ് ശരണ്യയുടെ അഭിപ്രായം.
മുലപ്പാൽ ദാനം ചെയ്യുന്ന അമ്മമാരുടെ കൂട്ടായ്മയായ നാച്വറൽ പേരന്റിംഗ് കമ്യൂണിറ്റിയിലെ അനേകം അമ്മമാരിൽ ഒരാളാണ് ശരണ്യ. മുലപ്പാൽ സൂക്ഷിക്കാൻ സൗകര്യമുള്ള ആശുപത്രികളിലേക്ക് ദിവസവും മുലപ്പാൽ നല്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. സർക്കാരിന്റെ കീഴിലുള്ള ഒന്പത് മുലപ്പാൽ ബാങ്കുകൾ ഇപ്പോൾ തമിഴ്നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ദിവസവും രണ്ടു ലിറ്റർവരെ മുലപ്പാൽ ഇവിടെ ശേഖരിക്കുന്നു. വർഷംതോറും ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താനും അവരെ ആരോഗ്യമുള്ളവരാക്കാനും ഈ മുലപ്പാൽ സഹായിക്കുന്നു. മുലപ്പാൽ ദാനം ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മമാരെ കൂടുതൽ ബോധവതികളാക്കിയാൽ ഇനിയും അനേകം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമെന്നാണ് ഡോക്ടർമാർമാരുടെ അഭിപ്രായം.