ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-ന് വീണ്ടും തിയറ്ററിലെത്തുന്നു. ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റർപ്രൈസസ് ആണ് തിയറ്ററുകളിലെത്തിക്കുന്നത്.
മദോന്മത്തനായി കുതിച്ചുപായുന്ന കുതിരയെ മെരുക്കുന്നതും, തന്റെ ശരീരഭംഗി പ്രകടമാക്കുന്ന വിധത്തിൽ കുതിരക്ക് എണ്ണയിടുന്നതും, ഈ രംഗങ്ങൾ സുന്ദരിയായ നായികയെ ആകർഷിക്കുന്നതുമായ രംഗങ്ങൾ, പ്രേക്ഷകരെ ആകർഷിക്കുകയും,സിനിമയുടെ വിജയത്തിൽ ഏറെ നിർണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തു. നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങളെ ധൈര്യപൂർവ്വം ഏറ്റെടുക്കുന്ന ഷീലയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ശരപഞ്ജരത്തിലേത്.നെല്ലിക്കോട് ഭാസ്കരന് ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ശരപഞ്ജരം.
ചുരുക്കം ചില ചിത്രങ്ങളിൽ മുമ്പ് അഭിനയിച്ചിട്ടുള്ള ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടനെ താരമാക്കിയതും ഈ ചിത്രം തന്നെയാണ്. ചന്ദ്രശേഖരൻ എന്ന കഥാപാത്രമായി ജയനും സൗദാമിനി എന്ന കഥാപാത്രമായി ഷീലയും പ്രേഷക പ്രീതി നേടി. റോഷിക എന്റർപ്രൈസസാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജി.പി. ഫിലിംസിന്റെ ബാനറിൽ, ജി.പി ബാലൻ നിർമിച്ച ശരപഞ്ജരം, ഹരിഹരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തു. നാടകാചാര്യൻ കെ.ടി. മുഹമ്മദ് സംഭാഷണം എഴുതി.
കഥ – മലയാറ്റൂർ രാമകൃഷ്ണൻ, ഗാന രചന – യൂസഫലി കേച്ചേരി, സംഗീതം – ദേവരാജൻ, ആലാപനം – യേശുദാസ്, ജയചന്ദ്രൻ, വാണി ജയറാം, പി. ശുശീല, മാധുരി, സംഘട്ടനം – ത്യാഗരാജൻ. ജയൻ, ഷീല, സത്താർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കർ, ശരത് ബാബു, നെല്ലിക്കോട് ഭാസ്ക്കരൻ, പി.കെ.എബ്രഹാം, ലത, പ്രിയ, കോട്ടയം ശാന്ത, ഭവാനി, ബേബി സുമതി എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. പിആർഒ -അയ്മനം സാജൻ